അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്നു നിർമ്മിച്ച സിനിമ: 78 വർഷങ്ങൾക്കു ശേഷം കാൻ ഫെസ്റ്റിവലിൽ
ഡോ.വർഗീസ് കുര്യൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീരവിപ്ലവത്തിൻ്റെയും ക്ഷീര സഹകരണസംഘ പ്രസ്ഥാനത്തിൻ്റെയും വിജയവുമായി ബന്ധപ്പെട്ട മനുഷ്യകഥകളും ഗ്രാമങ്ങളിലെ മനുഷ്യജീവിതാനുഭവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന ഫീച്ചർ സിനിമയായ ‘ മന്ഥൻ ‘ 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 17ന് പ്രദർശിപ്പിക്കും. വിശ്രുത സംവിധായകൻ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഈ ചിത്രം 1976 ലാണ് പുറത്തുവന്നത്. സിനിമ നിർമ്മിക്കാനാവശ്യമായ പണം സംഭാവന ചെയ്തത് ഗുജറാത്തിലെ ക്ഷീര കർഷകരായിരുന്നു. ഒരാൾ രണ്ടു രൂപ വീതമാണ് സംഭാവന ചെയ്തത്.അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 10 ലക്ഷം രൂപ കൊണ്ടാണ് സിനിമ നിർമ്മിക്കപ്പെട്ടത്. റിലീസായ സമയത്ത് "മന്ഥൻ" എന്ന ചിത്രത്തിന് കാര്യമായ പബ്ലിസിറ്റിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചിത്രം നിർമ്മിക്കാൻ സംഭാവന ചെയ്ത അഞ്ച് ലക്ഷം വരുന്ന ഗുജറാത്ത് കർഷകർ, വിവിധ ഭാഗങ്ങളിൽ സിനിമ കാണാൻ വൻതോതിൽ തടിച്ചുകൂടി അതിൻ്റെ "യഥാർത്ഥ പ്രേക്ഷകർ" ആയപ്പോൾ ചിത്രം അക്കാലത്ത് അതിൻ്റേതായ ചലനം സൃഷ്ടിച്ചു. അക്കാലത്ത് നിരവധി അവാർഡുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി.ഗ്രാമാന്തരങ്ങൾതോറും സഞ്ചരിച്ച് ധവളവിപ്ലവക്കേക്കുറിച്ച് വിശദീകരിക്കാനുള്ള പ്രധാന ആയുധമായി ചിത്രം മാറുകയും ചെയ്തു. ഇന്ത്യയിലുടെനീളം സഹകരണസംഘങ്ങൾ തങ്ങളുടെ അംഗങ്ങൾക്കു മുമ്പിൽ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു.
സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, ഗിരീഷ് കർണാഡ് തുടങ്ങിയവർ അഭിനയിച്ച "മന്ഥൻ" സിനിമയുടെ പുനഃസ്ഥാപിച്ച പതിപ്പാണ് മെയ് 17 ന് കാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ ക്ലാസിക് സെഗ്‌മെൻ്റിൽ പ്രദർശിപ്പിക്കുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തിൻ്റെ പുതുക്കിയ പ്രിൻ്റ് തയ്യാറാക്കിയത്.