ഫിമ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് () 2025 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫത്ഹുല്ല അനസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിനു സെക്രട്ടറി ജനറൽ മുബീൻ അഹമ്മദ് ഷെയ്ഖ് സ്വാഗതം ആശംസിച്ചു. ഫിമ പ്രസിഡണ്ട് സലിം ദേശായ് അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികൾ നിറഞ്ഞ അവസ്ഥ മൊത്തം സമൂഹത്തെ ബാധിച്ചതുപോലെ ഫിമ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നെങ്കിലും പൊതുജനങ്ങൾക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയാനായത് അംഗ സംഘടനകളുടെ നിസ്സീമമായ സഹകരണങ്ങൾ കൊണ്ടാണെന്നു അദ്ദേഹം അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോക്ടർ നയീമുദ്ധീന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യഥാക്രമം കരീം ഇർഫാൻ (പ്രസിഡണ്ട്), എം കെ എസ് മൊഹിയുദ്ധീൻ (വൈസ് പ്രസിഡന്റ്), സിദ്ദീഖ് വലിയകത്ത (സെക്രട്ടറി ജനറൽ), മുഹമ്മദ് ഷബീർ (സെക്രട്ടറി), ബഷീർ ബത്ത (ഖജാൻജി), മെഹബൂബ് നടേമ്മൽ (ജോയിൻറ്ട്രഷറർ), മുബീന അഹമ്മദ് ഷെയ്ഖ്, ഡോ ഹിദായത്തുള്ള, അസ്‌ലം താക്കൂർ, കെ വി ഫൈസൽ, വാജിദ് അലി എന്നിവർ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
ഫിമ മുൻകാലങ്ങളിൽ നടത്തിയ പരിപാടികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഫിമ ഇഫ്‌താർ, സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ച പ്രഗത്ഭ വ്യകതികളെ ആദരിക്കൽ എന്നിവ സുപ്രധാനമായിരുന്നു. ടീസ്റ്റ സെറ്റൽവാദ് , ജസ്റ്റിസ് ഫാത്തിമ ബീവി, ജസ്റ്റിസ് രജീന്ദർ സച്ചാർ, മുൻ ഗുജറാത്ത് ഡി ജി പി ആർ ബി ശ്രീകുമാർ ഐ പി എസ്, ഹർഷ് മന്ദർ ഐ എ എസ്, എൻ റാം, വിനോദ് ദുവ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ വ്യോമയാന മന്ത്രി സി എം ഇബ്രാഹിം, മുൻ വിദേശ്യ കാര്യ സഹമന്ത്രി ഇ അഹമ്മദ് , ഇ ടി മുഹമ്മദ് ബഷീർ എം പി , സലീം ഷർവാണി എം പി എന്നിവരെ ഫിമ അവാർഡ് നൽകി ആദരിച്ചു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഗൾഫ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ കൂടാതെ കുവൈത്ത് ഭരണ കുടുംബാംഗങ്ങൾ ഗവർണ്ണർ എന്നിവർ സാന്നിധ്യം കൊണ്ട് ഫിമ ഇഫ്താർ വിരുന്നുകൾ ധന്യമാക്കിയിരുന്നു. പുതിയതായി തെരഞ്ഞെടുക്കപെട്ട ഭരണ സമിതിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് മുഹമ്മദ് ഹനീഫ്, സയ്യിദ് ഗാലിബ് മഷൂർ തങ്ങൾ എന്നിവർ സംസാരിച്ചു. ഡോ ഹിദായത്തുല്ലയുടെ നന്ദി പ്രകടനത്തോടെ ചടങ്ങുകൾ സമാപിച്ചു.