സാമ്പത്തിക തട്ടിപ്പും പീഡനശ്രമവും; സിപിഎം നേതാവിന് സംരക്ഷണമൊരുക്കി പോലീസ്
തൃശൂര്‍: കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഭാരവാഹികളായ സിപിഎം നേതാക്കൾ നടത്തുന്ന തട്ടിപ്പ് അന്വേഷിക്കുന്നതിൽ പൊലീസിന്റെ മെല്ലെ പോക്ക് ചർച്ചയാകുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പ്രതികൾക്ക് പൊലീസ് സംരക്ഷണം തീർത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണു പരാതിക്കാരി തൃശൂര്‍ ഈസ്റ്റ് പോലീസിനെ സമീപിക്കുന്നത്. ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍ വീട്ടില്‍ കെ.വി. അശോകനെതിരെയായിരുന്നു പരാതി നല്‍കുന്നത്. എസ്എഫ്ഐ മുൻ തൃശൂർ ജില്ലാ പ്രസിഡന്റും എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
അശോകനു ക്യാപിറ്റല്‍ ബോക്സ് (മൈത്രി കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡ്), കോവിലകം നിധി ലിമിറ്റഡ്, കോവിലകം സെക്യൂര്‍ നിധി, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളുമുണ്ട്. 2019 മുതല്‍ ഒന്നര വര്‍ഷത്തോളം ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നയാളാണു പരാതിക്കാരി. ഇവിടെ ജോലി ചെയ്തിരുന്ന കാലയളവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പരാതിക്കാരിയുടെ സ്വര്‍ണാഭരണങ്ങളും പിതാവിന്റെ പേരിലുള്ള ആധാരവും ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡില്‍ പണയം വയ്പ്പിച്ചു 11 ലക്ഷത്തോളം രൂപ എടുപ്പിച്ചിരുന്നു. ശേഷം അശോകന്റെ തന്നെ പണം ഇരട്ടിപ്പിക്കുന്ന സ്ഥാപനമായ ക്യാപിറ്റല്‍ ബോക്സ് എന്ന സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 മാസത്തിനുളളില്‍ ഇരട്ടിയായി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, നാളിതുവരെയായും ആധാരവും സ്വര്‍ണവും തിരികെ നല്‍കാതെ തന്നെ ചതിക്കുകയായിരുന്നു എന്നു പരാതിക്കാരി പറയുന്നു. ആധാരവും സ്വര്‍ണവും തിരികെ ചോദിച്ചപ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, ജാതീയമായി അധിക്ഷേപം നടത്തുകയും ചെയ്തു. പിന്മാറാന്‍ തയാറാകാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചും കൊന്നു കളയുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും അന്വേഷണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. പ്രതികള്‍ക്കു സമൂഹത്തിലുള്ള ഉന്നത ബന്ധം ഉപയോഗിച്ചു കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.