Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബരാമതിയിലെ നാത്തൂൻ പോരിൽ തീക്കാറ്റ് വീശുന്നു

10:13 AM May 07, 2024 IST | Rajasekharan C P
Advertisement

ഇന്നു വോട്ടെടുപ്പ് നടക്കുന്ന 94 ലോക്സഭാ മണ്ഡലങ്ങളിൽ വച്ചേറ്റവും തീക്ഷ്ണം മഹാരാഷ്ട്രയിലെ ബരാമതിയാണ്. എൻസിപി നേതാവ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പവാറിന്റെ സഹോദരപുത്രൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ് അങ്കം കുറിച്ചിരിക്കുന്നത്. ഇവിടെ രാഷ്ട്രീയം മാത്രമല്ല വിഷയം. രാഷ്ട്രീയത്തിൽ ആർക്കാണു കൂടുതൽ പവറെന്നു കാണിച്ചു കൊടുക്കാനുള്ള വീറു കൂടിയുണ്ട്, ബരാമതിയിൽ.
പാർലമെന്റിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അറിയേണ്ടത് കരുത്തരായ പവാർ കുടുംബത്തിനെ എതിരിടാൻ ആരാണു വരുന്നതെന്നായിരുന്നു. ആരായാലും ഒരു പ്രയോജനവുമില്ല. പവറെപ്പോഴും പവാർ കുടുംബത്തിനായിരുന്നു. എന്നാൽ ഇക്കുറി കളി മാറി. പവാർ കുടുംബത്തിലെ തന്നെ രണ്ട് വനിതകൾ തമ്മിൽ അങ്കം കുറിച്ചപ്പോൾ 20-ട്വന്റി ക്രിക്കറ്റ് ഫൈനലിന്റെ ആവേശമാണ് ബരാമതിയിലെങ്ങും കാണുന്നത്. അച്ഛന്റെ മകളോ ചിറ്റപ്പന്റെ ഭാര്യയോ? ഇതാണ് ഉയരുന്ന ചോദ്യം. കണക്കുകളും ചരിത്രവും പരിശോധിച്ചാൽ മകൾക്കു തന്നെയാണു സാധ്യത. പക്ഷേ, ചിറ്റപ്പന്റെയും പ്രസിറ്റിജ് ഇഷ്യുവാണ്.
1967 മുതൽ ബരാമതി ശരദ് പവാറിന്റെ കുത്തകയാണ്. അന്നു മുതൽ 1990 വരെ നടന്ന ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശരദ് പവാർ ജയിച്ചു കയറി. 1991ൽ പ്രധാനമന്ത്രി ആകുക എന്ന ലക്ഷ്യത്തോടെ ലോക്സഭയിലേക്കു മത്സരം മാറ്റി. പകരം ബരാമതി നിയമസഭാ സീറ്റ് അനന്തിരവൻ അജിത് പവാറിനെ ഏല്പിച്ചു. ഏഴു തവണ അജിത്തും ഇവിടെ ജയിച്ചു. രാഷ്ട്രീയത്തിൽ തന്റെ പിൻ​ഗാമിയായി പവാർ അജിത്തിനെ വളർത്തിക്കൊണ്ടു വരികയായിരുന്നു.
പക്ഷേ, 2023ൽ ശരദ് പവാറിനെ വെട്ടി അജിത് സ്വന്തം പാർട്ടിയുണ്ടാക്കി. അതോടെ തീർന്നു, പവാർ കുടുംബത്തിലെ ഐക്യം. ശരദ് പവാറിനെ വാരി, പാർട്ടി പിളർത്തി ബിജെപിക്കൊപ്പം പോയ ആളാണ് അജിത്തെന്ന ചീത്തപ്പേരാണിപ്പോൾ ബരാമതിയിലുള്ളത്. ഈ നെറികേടിനു ബരാമതിക്കാർ കണക്ക് ചോദിക്കുന്നത് ഇന്നത്തെ വോട്ടെടുപ്പിലൂടെയാവും.
സുപ്രിയയുടെ രാഷ്ട്രീയ പ്രവേശവും യാദൃച്ഛികമായിരുന്നു. 1991ൽ എസ്ബി സുലേയെ വിവാഹം കഴിച്ചതോടെ അവർ വിദേശത്തേക്കു പോയി. രണ്ടു മക്കളുടെ അമ്മയായി. ആദ്യം കാലിഫോർണിയയിൽ. പിന്നീട് ഇന്തോനേഷ്യയിലേക്കും അവിടെ നിന്ന് സിങ്കപ്പുരിലേക്കും. ഇവിടെ വച്ചാന് രാഷ്ട്രീയ മോഹങ്ങളുദിച്ചതും ഇന്ത്യയിലേക്കു മടങ്ങിയതും. 1995 ൽ ഇന്ത്യയിൽ മടങ്ങിയെത്തി പതുക്കെ രാഷ്ട്രീയത്തിലേക്കു വഴിതിരിഞ്ഞു എന്നു പറയാം. 2006 വരെ സാധാരണ ഒരു വീട്ടമ്മ മാത്രമായിരുന്നു സുപ്രിയ. സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചു. അച്ഛനും കസിനും നടത്തുന്ന രാഷ്ട്രീയക്കളികൾ കണ്ട് കൈകൊട്ടി പ്രോത്സാഹിപ്പിച്ചിരുന്നു എന്നു മാത്രം.
2009ൽ ബരാമാതി ലോക്സഭാ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. 2014ലും 19ലും വിജയം ആവർത്തിച്ചു.
കന്നിയങ്കത്തിൽത്തന്നെ സുപ്രിയ ബരാമതിയിൽ വെന്നിക്കൊടി പാറിച്ചു. പിന്നീടുന്നു വരെ അതഴിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,55,774 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. മഹാരാഷ്ട്രിയിൽ വീശിയടിച്ച മോദി തരം​ഗത്തെ പിടിച്ചു നിർത്തിയ ഉരുക്കുവനിത. ഇത്തവണ ഭൂരിപക്ഷം ഉയർത്താനുള്ള പോരാട്ടത്തിലാണ് സുപ്രിയ.
ഏഴുതവണ മഹാരാഷ്ട്ര നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചിട്ടുള്ള അജിത് പവാർ നിവലിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാണ്. കോളെജ് പഠന കാലത്ത് അച്ഛൻ ആനന്ദ് റാവു പവാറിന്റെ മരണത്തോടെ പഠിത്തം നിർത്തി കുടുംബഭാരം തോളിലേറ്റിയ ആൾ. വർഷങ്ങൾ കഴിഞ്ഞതോടെ ചിറ്റപ്പന്റെ രാഷ്ട്രീയത്തിൽ കമ്പം കൂടി ഒപ്പം കൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ശിവസേനയുമായി മഹാ അ​ഗാഡി സഖ്യത്തിലായിരുന്നു എൻസിപി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. പിന്നീടാണ് 2023ൽ ചിറ്റപ്പനെ കാലുവാരി അജിത് ബിജെപി പക്ഷത്തെത്തിയത്. അതു വരെ അടുക്കളയിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സുനേത്രി. ഇതാദ്യമായി ഭാര്യയെ കളത്തിലിറക്കി ചിറ്റപ്പനെ വെല്ലുവിളിക്കുന്നു, അജിത്ത്.
ഒരു കാര്യം ഉറപ്പ്. 57 വർഷമായി ശരദ് പവാർ എന്ന രാഷ്ട്രീയ അതികായൻ നയിക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മകൾ സുപ്രിയയുടെ വിജയം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതു തകർക്കാനുള്ള ശേഷി മരുമകനുണ്ടോ എന്നതാണ് ബരാമതിയിൽ ഉയരുന്ന ചോദ്യം.

Advertisement

Advertisement
Next Article