നവകേരള സദസിലെ അക്രമങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി: സതീശൻ
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏത് കേസ് എടുത്താലും ഒന്നാം പ്രതിയാകേണ്ടയാളും മുഖ്യമന്ത്രിയാണ്. വധശ്രമത്തിനു പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവർത്തനം ആയിരുന്നെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിനു കേസിൽ പ്രതിയാകേണ്ടയാളാണ് പിണറായി വിജയൻ. ഇന്നലെ വരേയും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നും ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ.
ഒന്നാം പ്രതിയാക്കി തന്നെ കേസെടുത്ത് പേടിപ്പിക്കേണ്ട. ജയിലിൽ പോകാനും തയ്യാറാണ്. മാസപ്പടി കേസ് വന്നപ്പോൾ ഉപ്പിലിട്ടു വച്ചിരുന്ന പൊതുമരാമത്ത് മാന്ത്രിയുടെ നാവ് ഇപ്പോൾ റെഡിയായി. മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിക്കുമ്പോൾ മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.
കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. എസ്.എഫ്.ഐക്കാരോടുള്ള സമീപനമല്ല പോലീസിന് കെ.എസ്.യുവിനോട്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാൻ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി. പിണറായി വിജയൻ ഭീരുവാണെന്നാണ് കെ.സുധാകരനോട് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്.
കെ.എസ്.യുക്കാരേയും യുത്ത് കോൺഗ്രസുകാരേയും അടിച്ചാൽ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കിൽ ആ ധാരണ തെറ്റാണ്. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കിൽ ഞങ്ങൾക്ക് വേറെ മാർഗമില്ല. ഇന്നലെ ഒരു പുരുക്ഷ എസ്.ഐയാണ് പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറിയത്. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കണ്ട. ജയിലിൽ പോകാനും പേടിയില്ല. ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കിയാൽ അവർക്കൊപ്പം പ്രതിപക്ഷ നേതാവും ഉണ്ടാകും.
പ്രതിപക്ഷ നേതാവിന് നിരാശ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദിനംപ്രതി ജനങ്ങളാൽ വെറുക്കപ്പെട്ട സർക്കാരിനെകാണുമോർ എനിക്ക് നിരാശ എന്തിന്? കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടാൻ നടത്തിയ യാത്രയാണെന്ന് ജനങ്ങൾ വഴിയരികിൽ നിന്ന് പറയുമ്പോൾ പ്രതിപക്ഷത്തിന് നിരാശ എന്തിനാണ്? കേരളത്തിൽ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് കൃത്യമായ മുൻതൂക്കമുണ്ട്. പിന്നെ ഞങ്ങൾക്ക് എന്തിനാണ് നിരാശയെന്നും സതീശൻ ചോദിച്ചു.