അഞ്ച് കോടി വേണം, ബാബ സിദ്ദിഖിയേക്കാള്‍ മോശമാകും അവസ്ഥ; സല്മാന് ഖാന് വീണ്ടും ഭീഷണി
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ സല്മാന് ഖാന്റെ സ്ഥിതി കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായിരിക്കുമെന്നും ഭീഷണിയെന്ന് റിപ്പോർട്ട്. മുബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സല്‍മാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസിൽ പ്രതി ബിഷ്ണോയി ഗാങ്ങിലെ സുഖ കല്ലുയയെ പാന്വല് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സുഖ കല്ലുയ. സല്‍മാനെ കൊലപ്പെടുത്താന്‍ എ കെ 47, എം 16, എ കെ 92 തുടങ്ങിയ ആയുധങ്ങള്‍ ഉയോഗിക്കാന്‍ ഗൂഡാലോചന നടത്തിയവരിലൊരാണ് സുഖ. സല്‍മാന്‍ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പേരിലാണ് കുറ്റപത്രമുള്ളത്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപമാണ് നടനെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്. മാത്രമല്ല സല്മാന് ഖാനെ കൊലപ്പെടുത്താന്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ പ്രതികള്‍ ലിസ്റ്റ് ചെയ്തിരുന്നു കൂടാതെ 60 മുതല്‍ 70 വരെ ആളുകള്‍ ബാന്ദ്രയിലെ ഹൗസ്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലെ വസതികളില്‍ സൽമാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സല്മാന് ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.