പുനെയില്‍ വന്‍ തീപിടുത്തത്തില്‍ അഞ്ച് വീടുകളും കടയും കത്തി നശിച്ചു
പുനെ: പുനെയിലെ ഘോര്‍പാഡി പേത്ത് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് വീടുകളും കടയും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ജോഷി വാഡയില്‍ പുലര്‍ച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. മുകളില്‍ തകര ഷെഡ് കൊണ്ടു നിര്‍മിച്ച രണ്ടു നിലയുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അഗ്‌നിക്കിരയായത്.
മുന്നറിയിപ്പ് ലഭിച്ചയുടന്‍ അഗ്‌നിശമന സേനയുടെ അഞ്ച് ഫയര്‍ എന്‍ജിനുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് നാല് വശത്തുനിന്നും വെള്ളം തളിച്ച് തീ അണച്ചത്.
വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ നീക്കം ചെയ്തതു കാരണം വലിയ ദുരന്തം ഒഴിവായി. അതേസമയം, തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടിത്ത കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.