For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നൊമ്പരപ്പെടുത്തുന്ന ഓർമകൾക്ക് അഞ്ചാണ്ട്; ഇന്ന് കൃപേഷ്-ശരത് ലാൽ ദിനം

09:46 AM Feb 17, 2024 IST | Online Desk
നൊമ്പരപ്പെടുത്തുന്ന ഓർമകൾക്ക് അഞ്ചാണ്ട്  ഇന്ന് കൃപേഷ് ശരത് ലാൽ ദിനം
Advertisement

അനശ്വര രക്തസാക്ഷികളായ ശരത് ലാലും കൃപേഷും നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കോൺഗ്രസിന്റെ ആശയ ആദർശങ്ങളിൽ വിശ്വസിച്ചതിന്റെ പേരിലാണ് ഇരുവർക്കും നന്നേ ചെറുപ്പത്തിലെ ജീവൻ നഷ്ടമായത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്റെ ആകെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം അരുംകൊല ചെയ്തത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. കൃപേഷിന്റെ അമ്മ ബാലാമണിയും ശരത്‍ലാലിന്റെ അമ്മ ലതയും കുടുംബാംഗങ്ങളും നീറുന്ന വേദനയുമായാണ് ഇപ്പോഴും ജീവിക്കുന്നത്. രണ്ടു കുടുംബങ്ങളുടെയും പ്രതീക്ഷകളായിരുന്നു ഇവർ. വിശേഷ ദിവസങ്ങളെല്ലാം കുടുംബാംഗങ്ങൾക്കൊപ്പം ഓണം പോലെ ആഘോഷമാക്കിയവരാണ്. അങ്ങേയറ്റം സാധാരണ വീട്ടിൽ ജനിച്ച കൃപേഷ് പോളിയിൽ ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ പഠനം മതിയാക്കി. എസ്എഫ്ഐക്കാരുടെ മർദനം സഹിക്കാൻ കഴിയാതെയായിരുന്നു മനസ്സില്ലാ മനസ്സോടെ അവൻ പഠനം മതിയാക്കാൻ തീരുമാനിച്ചത്. അവന്റെ തുടർപഠന സ്വപ്നങ്ങൾ നടക്കില്ലെന്നുറപ്പിച്ചപ്പോൾ ഓലമേഞ്ഞ കൊച്ചു കൂരയിൽ അനുജത്തി കൃഷ്ണപ്രിയയെങ്കിലും മികച്ചരീതിയിൽ പഠിക്കണമെന്നവൻ ആഗ്രഹിച്ചു. അവൾക്ക് പഠിക്കാനായി ഒറ്റമുറി കുടിലിനോട് ചേർന്ന് പ്രത്യേകം ഷെഡ് നിർമിച്ചു നൽകിയതും കൃപേഷ് തന്നെ ആയിരുന്നു. നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം അവർ ഇരുവരും മുൻനിരയിലായിരുന്നു. മികച്ച കലാപ്രവർത്തനങ്ങളുമായി ഒട്ടേറെ കുട്ടികളെ അവർ ജവഹർ ബാലജനവേദിയിലും രാജീവ്ജി ക്ലബ്ബിലും അംഗങ്ങളാക്കി. ട്യൂഷനു സാഹചര്യമില്ലാത്ത പ്രദേശത്തെ കുട്ടികൾക്ക് അവർ മുൻകൈയെടുത്ത് സൗജന്യമായി അതിനും അവസരമൊരുക്കി ഇതാണ് അവരെ ഇല്ലാതാക്കാനുള്ള എതിർ പാർട്ടിക്കാരുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്.

Advertisement

2019 ഫെബ്രുവരി 17 ന് രാത്രി 7.35 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ സിപിഎം പ്രവർത്തകർ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം മൃഗീയമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠനടക്കം 24 പ്രതികളാണുള്ളത്. പ്രതികളിൽ 11 പേർ 2019 ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി മാർച്ച് മാസത്തിൽ വിധിയുണ്ടാകുമെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ ശരത്‌ലാല്‍, കൃപേഷ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. കേസന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് വാദിച്ചെങ്കിലും പരമോന്നത നീതിപീഠം അന്വേഷണം സിബിഐക്ക് കൈമാറി.

കല്യോട്ട് പെരുങ്കളിയാട്ടത്തിന്‍റെ സ്വാഗത സംഘം രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഇരുവരുടെയും കൊലപാതകത്തെ തുടർന്ന് ഉയർന്ന് വന്ന വിമർശനവും ജനരോഷവും കാരണം സിപിഎം കടുത്ത പ്രതിരോധത്തിൽ ആയിരുന്നു. കേസിൻ്റെ വിധി മാർച്ച് മാസം വരുമെന്ന പ്രതീക്ഷയിലാണ് കൃപേഷിൻ്റെയും ശരത്‌ലാലിൻ്റെ കുടുംബവും കോൺഗ്രസ് പ്രവർത്തകരും. കേസിൽ പ്രതികളായ ഉന്നത നേതാക്കൾ ശിക്ഷിക്കപ്പെടുമോയെന്ന ആശങ്ക സിപിഎം നേതത്വത്തിനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയേക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.