ആദ്യമായി വിനായകൻ-സുരാജ് സിനിമ: “തെക്ക് വടക്ക്” പാലക്കാട് പൂജ നടന്നു
പാലക്കാട്: രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. ‘തെക്ക് വടക്ക്’ എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് (12. 02.2024) പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ദേവിക്ഷേത്രത്തിൽ നടന്നു. മമ്മൂട്ടി നായകനായ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യരംഗത്തു പ്രശസ്തനായ പ്രേം ശങ്കറാണ്. എസ്. ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. വിക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.
പേരറിയാത്തവർ- എന്ന സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്ക്കാരം നേടിയ വിനായകനും അതുല്യമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയവരാണ്. ഇവർ ഒന്നിക്കുന്ന സിനിമയുടെ കഥയെ പറ്റി അണിയറപ്രവർത്തകർ സൂചന നൽകുന്നില്ല.
നവമലയാള സാഹിത്യത്തിലെ പ്രശസ്തനായ എസ് ഹരീഷ് ഇതിനു മുൻപ് ഏദൻ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്ന “രണ്ടു പേർ” സംവിധാനം ചെയ്തത് പ്രേം ശങ്കറായിരുന്നു. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ബ്രിട്ടാണിയ, ഐടിസി, ടിവിഎസ്, ലിവൈസ്, റാംഗ്ലർ തുടങ്ങിയ ബ്രാൻഡുകൾക്കായി പരസ്യ ചിത്രങ്ങൾ പ്രേം ശങ്കർ സംവിധാനം ചെയ്തിട്ടുണ്ട്.
കുറ്റവും ശിക്ഷയും, വലിയ പെരുന്നാൾ, കിസ്മത്ത്, വേല തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായിരുന്ന സുരേഷ് രാജൻ, രോമാഞ്ചം, റോഷാക്ക് തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ കിരൺ ദാസ് തുടങ്ങിയവരും അണിയറയിലുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ: സാബുറാം, വരികൾ:ലക്ഷ്മി ശ്രീകുമാർ, ആക്ഷൻ: പ്രഭുമാസ്റ്റർ, മേക്കപ്പ്: അമൽ ചന്ദ്ര, കോസ്റ്റ്യും: ആയിഷ സഫീർ, നൃത്തം: ദിനേശ് മാസ്റ്റർ, കാസ്റ്റിങ്: അബു വളയംകുളം, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, ഡിസൈൻ: പുഷ് 360.
“അൻജന-വാർസ് സംയുക്ത നിർമ്മാണ കമ്പനി പ്രഖ്യാപിച്ച, കഥയാണ് കാര്യം- എന്ന പരമ്പരയിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. സാഹിത്യം, നടന്ന സംഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അഞ്ചു സിനിമകളാണ് ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. രണ്ടു വ്യക്തികളും അവരുടെ അസാധാരണ ബന്ധവുമാണ് ആദ്യ സിനിമയുടെ കഥാപരിസരമെന്ന്,” നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.
“മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളാണ് തെക്ക് വടക്കിലൂടെ സ്ക്രീനിൽ ഒന്നിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്നു എന്നത് ഏറെ ആകാംഷ ഉയർത്തുന്നതാണ്. ചിരിയുടെ പരിസരത്താണ് ഇവരുടെ കഥാപാത്രങ്ങൾ എന്നത് പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകും,” നിർമ്മാതാവ് വി.എ ശ്രീകുമാർ പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും നിർമ്മാണ പങ്കാളിയാണ്.
സിനിമാ പൂജയിൽ എംപി വി.കെ. ശ്രീകണ്ഠൻ, പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ, നടൻ വിനായകൻ, തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, സെൻട്രൽ സോൺ പ്രിസൺസ് ഡിഐജി പി. അജയകുമാർ, വർഗീസ് ആലുക്ക, ജോൺ ആലുക്ക, സംവിധായകരായ സക്കറിയ, സജിൻ ബാബു, പ്രേം ശങ്കർ, എസ്. ഹരീഷ്, സുരേഷ് നിലമേൽ, ശ്രീകാന്ത് വെട്ടിയാർ, ജോസഫ് മെർസിലിസ്, വി.എ ശ്രീകുമാർ, വി.എം രാധാകൃഷ്ണൻ, നിധിൻ കണിച്ചേരി, അൻജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് മാർച്ച് മാസം സിനിമയുടെ ചിത്രീകരണം നടക്കും.
*
കൂടുതൽ വിവരങ്ങൾക്ക്:
9746486617 (സേതുരാജ് കടയ്ക്കൽ- പി.ആർ ഹെഡ്, പുഷ് 360)