'ഫോഴ്സാ കൊച്ചി എഫ്.സി': ഫുട്ബോള്‍ ടീമിന്റെ പേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്
കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെപേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. 'ഫോഴ്സാ കൊച്ചി എഫ്.സി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാനും പുത്തന്‍ ചരിത്രം തുടങ്ങാനും കാല്‍പന്തിന്റെ ലോകത്തേക്ക് ഞങ്ങള്‍ കളത്തിലിറങ്ങുകയാണെന്ന് പൃഥ്വിരാജ് കുറിച്ചു.
''ഒരു പുതിയ അധ്യായം കുറിക്കാന്‍ 'ഫോഴ്‌സാ കൊച്ചി'. കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍!'' -എന്നിങ്ങനെയാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബാള്‍ ലീഗില്‍ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രഫഷനല്‍ ഫുട്ബാള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ്. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ തുടങ്ങിയവരാണ് ടീമിന്റെ സഹ ഉടമകള്‍.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ കളത്തിലിറങ്ങുക. 45 ദിവസം നീളുന്ന പ്രഥമ സൂപ്പര്‍ ലീഗിന് സെപ്റ്റംബര്‍ ആദ്യവാരമാണ് തുടക്കമാകുക.
കേരളത്തിലെ ഫുട്ബാളിനെ പ്രഫഷനല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബാളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്നാണ് നേരത്തെ കൊച്ചി എഫ്.സിയെ ഏറ്റെടുത്ത് കൊണ്ട് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. നാട്ടിലെ മികച്ച ഫുട്ബാള്‍ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.