പൊലീസിനു സ്വാതന്ത്ര്യം, 110ാം ദിവസം ഫൈനൽ വിധി
കൊച്ചി: ആലുവ പീഡന കേസിൽ അന്വേഷണവും വിചാരണയും റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. കേരളത്തിൽ ഏറ്റവും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിക്കു വധ ശിക്ഷ നേടിക്കൊടുത്ത അപൂർവം കേസുകളിൽ ഒന്നാണിത്. സംഭവം നടന്ന് 30 ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. 60 ദിവസങ്ങൾക്കുള്ളിൽ വിചാരണയും പൂർത്തിയാക്കി. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി 110ാം ദിവസം അന്തിമ വിധിയും വന്നു.
ഈ നേട്ടത്തിനു പിന്നിൽ പൊലീസിനെയും ജുഡീഷ്യറിയെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ് പ്രധാന കാരണം. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഏതു കേസും ഇതു പോലെ കാര്യക്ഷമമായി തെളിയിക്കാൻ പൊലീസിനു കഴിയുമെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു. പ്രതി ഇതര സംസ്ഥാനത്തു നിന്നു വന്നയാളായതും അയാൾക്കു മേൽ ഭരണപക്ഷ താത്പര്യങ്ങൾ ഇല്ലാതെ പോയതുമാണ് പൊലീസിനു നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിഞ്ഞത്.
അതേ സമയം, കേരളത്തെ നടുക്കിയ വാളയാർ ഇരട്ട ആത്മഹത്യാ കേസിൽ പൊലീസിനും കോടതിക്കും ഈ സ്വതാന്ത്ര്യം ലഭിച്ചില്ല. പോക്സോ കേസ് ആയിട്ടു പോലും അന്വേഷണം നീളുകയാണ്. പൊലീസിനു മേൽ കേരളത്തിലെ ഭരണ നേതൃത്വം നടത്തുന്ന ഇടപെടലുകളാണ് അന്വേഷണം അട്ടിമറിക്കുന്നതും പ്രതികളെ രക്ഷപ്പെടുത്തുന്നതും. ആലുവ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനും പ്രതിയെ വളരെ വേഗത്തിൽ കണ്ടെത്താനും ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കാണിച്ച ജാഗ്രത ഏറെ പ്രകീർത്തിക്കപ്പെട്ടു. അൻവർ സാദത്തിനെ പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് അനുമോദിക്കുകയും ചെയ്തു.