പാവയ്ക്ക പ്രഥമൻ, മീനില്ലാത്ത ഫിഷ് കറി, രുചിയിടത്തിന് ഫുൾ എ പ്ലസ്
സി.പി. രാജശേഖരൻ
കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു വൈകുന്നേരം തിരശീല വീഴാനിരിക്കെ, രുചി പെരുമയുമായി പഴയിടം ഒരുക്കിയ രുചിയിടം. ഭൂരിഭാഗം മത്സരാർഥികളും അധ്യാപകരും ഒഫീഷ്യൽസും മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം അരങ്ങു വിട്ടു പോയി. എന്നിട്ടും എല്ലാവരുടെയും നാവിൽ നിന്നു വിട്ടു മാറാതെ ഒന്നു മാത്രം. കൊതിയൂറുന്ന രുചിയിടം. പാചകപ്പുരയുടെ അമരത്ത് പഴയിടം മോഹനൻ നമ്പൂതിരി ആയിരുന്നെങ്കിലും അണിയം കാത്തത് പി.സി. വിഷ്ണു നാഥ് എംഎൽഎയുടെ നേതൃത്വത്തലുള്ള ഫുഡ് കമ്മിറ്റിയും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ അധ്യാപക കൂട്ടായ്മയും. കലോത്സവം എക്കാലവും ഓർത്തിരിക്കുന്ന രുചിയിടത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കയറിയിറങ്ങിയത് ഏകദേശം എഴുപത്തയ്യായിരത്തിലധികം പേർ. എല്ലാവർക്കും മൂന്നു നേരം സുഭിക്ഷമായ ഭക്ഷണമാണ് ഒരുക്കിയത്.
രാവിലെ ഏഴരയോടെ തുറക്കുന്ന ഭക്ഷണ ശാല പൂട്ടിയത് രാത്രി പതിനൊന്നു മണിയോടെ. അതിനു ശേഷവും ഓരോ ദിവസത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഫുഡ് കമ്മിറ്റി ചെയർമാൻ പി.സി. വിഷ്ണു നാഥ് എംഎൽഎ, കൺവീനർ ജയചന്ദ്രൻ പിള്ള, കെപിഎസ്ടിഎ പ്രസിഡന്റ് അബ്ദുൾ മജീദ്, സെക്രട്ടറി പി.കെ. രവീന്ദ്രൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ തുടങ്ങിയവർ മുഴുവൻ സമയവും ക്രേവൻ എൽഎംഎസ് ഹൈസ്കൂളിൽ ക്യാമ്പ് ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തി. ഒരു ദിവസം പോലും മുടങ്ങാതെ പുലർച്ചെ രണ്ടു വരെ ക്യാംപിൽ തന്നെ തങ്ങി ഭക്ഷണ കമ്മിറ്റിക്കു നേതൃത്വം നൽകിയ പി.സി. വിഷ്ണുനാഥ് ആയിരുന്നു രുചിയിടത്തിന്റെ താരം.
ഭക്ഷണത്തിന്റെ വൈവിധ്യങ്ങളായിരുന്നു കൊല്ലം മേളയുടെ വലിയ പ്രത്യേകത. എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം യഥേഷ്ടം വിളമ്പി. ഞായറാഴ്ച ആയിരുന്നു വലിയ തിരക്ക്. നാലു തവണയാണ് അരി വച്ചതെന്ന് കെപിഎസ്ടിഎ പ്രസിഡന്റ് അബ്ദുൾ മജീദ് വീക്ഷണത്തോടു പറഞ്ഞു. ആദ്യ ദിവസം 14000, രണ്ടാം ദിവസം 20,000, മൂന്നാം ദിവസം 22,000, നാലാം ദിവസം 23,000 പേർ എന്നിങ്ങനെയാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഏറ്റവും കുറവ് ഇന്നലെ ആയിരുന്നു, 12,000 പേർ.
അഞ്ചു ദിവസവും വിവിധ തരത്തിലുള്ള പായസമാണു വിളമ്പിയത്. ഒന്നാം ദിവസം പാലട, രണ്ടാം ദിവസം ഗോതമ്പ്, മൂന്നാം ദിവസം അട, നാലാം ദിവസം അഞ്ചിനം പച്ചക്കറികൾ ചേർത്ത കുമ്പളങ്ങ പ്രഥമൻ, പോരാത്തതിനു പ്രമേഹ രോഗികൾക്കു മാത്രമായി പാവയ്ക്കാപ്രഥമൻ (500 പേർക്ക്) എന്നിവയും വിളമ്പി. ഇന്നലെ പച്ചരി പായസമായിരുന്നു. ഞായറാഴ്ച വിളമ്പിയ ഫിഷ് കറിക്കായിരുന്നു ഏറെ പ്രത്യേകത. കുടംപുളി ഇട്ടു കുറുക്കിയെടുത്ത മീൻകറി കൂട്ടിയവർക്ക് പക്ഷേ, മീൻ മാത്രം കിട്ടിയില്ല. മീനിടാതെയുള്ള മീൻ കറി ആയിരുന്നു അത്.
കൊല്ലം കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്നായിരുന്നു ഭക്ഷ്യമന്ത്രി വി. ശിവൻകുട്ടിയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം. എന്നാൽ ഇക്കുറി അതുണ്ടായില്ല. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നോൺ വെജ് ഭക്ഷണം നല്കുന്നത് ഉചിതമല്ലെന്ന് അബ്ദുൾ മജീദ് പറഞ്ഞു. തന്നെയുമല്ല, എത്ര പേരുണ്ടെങ്കിലും അവർക്ക് ഞൊടിയിടയിൽ സസ്യാഹാരം ഉണ്ടാക്കാം. സസ്യേതര ആഹാരമുണ്ടാക്കുന്നത് അത്ര എളുപ്പമല്ലെന്നും കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ഭക്ഷണ ശാല അടച്ചു. ഇനി അടുത്ത കലോത്സവത്തിന്.