ജി കാര്‍ത്തികേയന്‍ രാഷ്ട്രീയ രംഗത്തെ അപൂര്‍വ വ്യക്തിത്വം: വി എം സുധീരന്‍
തിരുവനന്തപുരം: ജി കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജി കാര്‍ത്തികേയന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു.
കൃത്യമായ നിലപാടുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തന്റേതായ അഭിപ്രായം വിവാദം ഉണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും നിലപാടില്‍ നിന്ന് വ്യതിചലിച്ചില്ല. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിലപാടുകള്‍ തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. നാടിന് പ്രയോജനകരമായ കാര്യങ്ങള്‍ തുറന്നു പറഞ്ഞ സത്യസന്ധനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നല്ലതാണെന്ന് തോന്നിയാല്‍ തല്‍ക്ഷണം തീരുമാനം എടുക്കുമായിരുന്നു. പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജി കാര്‍ത്തികേയന്റെ സ്മരണ എല്ലാവര്‍ക്കും പ്രേരണ നല്‍കട്ടേയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കളില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന പേരാണ് ജി കാര്‍ത്തികേയന്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതലേ അദ്ദേഹവുമായി ബന്ധമുണ്ട്. ഒഴുക്കിനെ മുറിച്ചു കടക്കാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആരും കൂടെയില്ലെങ്കിലും നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുമായിരുന്നു. അങ്ങനെ ഉറച്ചു നില്‍ക്കുന്ന ജി കാര്‍ത്തികേയനെയാണ് താന്‍ സ്‌നേഹിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. മനസില്‍ പച്ചപ്പും നന്മയും സൂക്ഷിച്ച ജി.കാര്‍ത്തികേയന്‍ അനുകരണീയനായ രാഷ്ട്രീയ മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി ജെ കുര്യന്‍ പറഞ്ഞു. ജി ശക്തിധരന്‍, ഡോ.കെ മോഹന്‍കുമാര്‍, കെ.എസ് ശബരിനാഥന്‍, മണക്കാട് സുരേഷ്, എസ്.ജലീല്‍ മുഹമ്മദ്, യൂജിന്‍ തോമസ്, മണക്കാട് രാജേഷ്, കുമാരപുരം രാജേഷ്, എം.എസ്.അനില്‍, കുളനട രഘു, ടി.കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.