For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയില്ലെന്ന് ഗണേഷ് കുമാര്‍

01:02 PM Dec 24, 2023 IST | Online Desk
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയില്ലെന്ന് ഗണേഷ് കുമാര്‍
Advertisement

തിരുവനന്തപുരം: തന്നെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ തിരുവനന്തപുരത്ത് എല്‍.ഡി.എഫ്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച അദ്ദേഹം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത് എന്നും പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇനി മൗനമാണെന്നും ഇനി അങ്ങനെ വിമര്‍ശിക്കാന്‍ പറ്റില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Advertisement

'വീണ്ടും മന്ത്രിയാക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചു. ഒത്തിരി സന്തോഷമുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണയുണ്ടാകണം. വെറുതേ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുത്. ഞാനൊന്നിനുമുള്ള ആളല്ല. നന്നായി ജോലി ചെയ്യാന്‍ മുഖ്യമന്ത്രി ചുമതല ഏല്‍പ്പിച്ചു. ആ ചുമതല കൃത്യമായി നിര്‍വ്വഹിക്കാന്‍ എല്ലാവരും സഹായിക്കുക.' -ഗണേഷ് കുമാര്‍ പറഞ്ഞു.ഗതാഗതവകുപ്പ് തന്നെയായിരിക്കുമോ എന്ന ചോദ്യത്തിന് അറിയില്ല, മുഖ്യമന്ത്രി അത് പറഞ്ഞില്ല എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. എന്നാല്‍ ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുക എന്ന സൂചനകളും ഗണേഷിന്റെ പ്രതികരണത്തില്‍ ഉണ്ടായിരുന്നു.

'ഗതാഗതവകുപ്പാണെങ്കില്‍ ഒരുപാട് ജോലിയുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ നിന്ന് അതിനെ മെച്ചപ്പെടുത്തി കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസിലുണ്ട്. വകുപ്പ് പ്രഖ്യാപിച്ച ശേഷം അതിനെ കുറിച്ച് വിശദമായി പറയാം. ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠിക്കേണ്ടതുണ്ട്. മുമ്പ് നമ്മള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതിനെക്കാളൊക്കെ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്.''നന്നാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഞാന്‍ പറയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനകരമായ നിലയില്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ കൊടുക്കുന്ന സ്ഥിതി കുറേയെങ്കിലും മാറ്റാന്‍ കഴിയും.' -ഗണേഷ് കുമാര്‍ പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.