വെളുത്തുള്ളി വിലയിൽ വീണ്ടും കുതിപ്പ്
കോട്ടയം: സംസ്ഥാനത്ത് വെളുത്തുള്ളി വില വീണ്ടും കുതിച്ചുയരുകയാണ്. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന മൊത്തവില ഇപ്പോൾ 400 രൂപയിലേക്ക് ഉയര്‍ന്നു. ആറുമാസം മുമ്പ് വെളുത്തുള്ളി 250 രൂപയിൽ താഴെയായിരുന്നുവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി വെളുത്തുള്ളി എത്തുന്നത്. രാജസ്ഥാനിലെ കോട്ട മാർക്കറ്റ് വില 360 രൂപയ്ക്ക് മുകളിലാണ്.വിത്തിനായി ഉപയോഗിക്കുന്ന ഊട്ടി വെളുത്തുള്ളി വില 400-600 രൂപയ്ക്ക് മുകളിലെത്തി കർഷകരെ സമ്മർദ്ദത്തിലാക്കുകയാണ്. വിത്തിനായി പ്രധാനമായും ഹൈബ്രിഡ് വെളുത്തുള്ളിയാണ് ഉപയോഗിക്കുന്നത്.
ഊട്ടി, കൊടൈക്കനാൽ മേഖലകളിൽ നിന്നും മേട്ടുപ്പാളയം വഴി ഉത്തരേന്ത്യയിലേക്ക് നേരിട്ട് കൊണ്ടുപോകുന്നതിനാൽ, ഇവിടെ വെളുത്തുള്ളിയുടെ വിൽപ്പനയില്ല. പുതുകൃഷി ആരംഭിച്ചെങ്കിലും വിളവെടുപ്പ് നാലരമാസം ശേഷമേ ഉണ്ടാവൂ. ഏപ്രിൽ വരെ വിലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കർഷകരും വ്യാപാരികളും വ്യക്തമാക്കുന്നു.