ഗിവ് എന്‍ ടേക്ക് വേള്‍ഡിനും പിടിവീണു: സ്വത്ത്കണ്ടുകെട്ടാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു
തൃശൂര്‍: മണിചെയിന്‍ മോഡല്‍ തടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനിക്ക് പിന്നാലെ തൃശുര്‍ ആസ്ഥാനമായ ഗിവ് എന്‍ ടേക്ക് വേള്‍ഡ് എന്ന സമാന രീതിയിലുള്ള കമ്പനിക്കെതിരെയും ബഡ്സ് ആക്ട് പ്രകാരം നടപടി. പ്രശാന്ത് പനച്ചിക്കല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ഗിവ് എന്‍ ടേക്ക് വേള്‍ഡ് ടി.എന്‍.ടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്വത്ത് ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.
അമിത പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജപ്തി സ്ഥിരമാക്കാന്‍ ബന്ധപ്പെട്ട കോടതി മുഖേന ഹരജി ഫയല്‍ ചെയ്യാനും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
സ്വത്ത് വിവരം കണക്കാക്കാന്‍ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കും നിര്‍ദേശം
പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ വിശദ വിവരങ്ങള്‍ തയാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്‍പന നടപടികള്‍ മരവിപ്പിക്കാന്‍ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. പ്രതികളുടെ പേരില്‍ ജില്ലയിലുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറാന്‍ തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതികളുടെ പേരിലെ അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. തൃശൂര്‍ സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഓണ്‍ലൈന്‍ മണി ചെയിന്‍ ബിസിനസ് നടത്തിയതിനാണ് ഗിവ് എന്‍ ടേക്ക് വേള്‍ഡ് എന്ന സ്ഥാപനത്തിനെതിരായ നടപടി.