ആഗോള വില്ലന്‍
നാണംകെടുമ്പോള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ആഗോള വില്ലനെന്ന അധികാരപ്പട്ടത്തിന് കോട്ടം തട്ടുമെന്ന ഭീതി മറച്ചുവെയ്ക്കാന്‍ ഇസ്രായേല്‍ പാടുപെടുകയാണ്. ആയിരത്തി എഴുനൂറിലധികം കിലോമീറ്റര്‍ അകലെനിന്ന് ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ഇസ്രായേലിന്റെ അഭിമാനത്തിന്റെ മര്‍മ്മത്തിലാണ് പതിച്ചതെങ്കിലും ഇസ്രായേല്‍ പാലിച്ച തന്ത്രപരമായ സംയമനം ഒരുതരം പിന്തിരിഞ്ഞോട്ടമാണ്. ഒരു ചെറുയുദ്ധത്തിനുള്ള പണമാണ് ഇറാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ ചെലവിടുന്നത്. ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും ലക്ഷ്യത്തിലെത്താനാവാത്ത വിധം പ്രതിരോധമേര്‍പ്പെടുത്തിയിട്ടും പൂര്‍ണമായും തടയുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെടുകയായിരുന്നു. 4600 കോടി രൂപയാണ് ഇറാന് പ്രതിരോധം ചമയ്ക്കാന്‍ നഷ്ടമായത്. ശത്രുക്കളുടെ മുന്നില്‍ മാത്രമല്ല, സഖ്യരാഷ്ട്രങ്ങളുടെ മുന്നിലും ഇസ്രായേല്‍ നാണംകെട്ടു.
സിറിയയിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ ആക്രമിക്കുകയും സൈനികരും മറ്റ് ഉദ്യോഗസ്ഥരുമടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂപപ്പെട്ടത്. കോണ്‍സുലേറ്റ് ആക്രമണം ഇറാനെ എന്ത് ക്രൂരതക്കും തയ്യാറാകുന്ന തരത്തിലാണ് പ്രകോപിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ഭൂമുഖത്ത് ഒരിടത്തും ഇസ്രായേല്‍ എംബസികള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയെ വിവരം അറിയിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. അത് നിഷേധിക്കാത്ത അമേരിക്കന്‍ നിലപാടും ഇസ്രായേലിന്റെ വീരപ്രതിച്ഛായക്ക് വലിയ തകര്‍ച്ചയാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകര്‍ത്തത് തങ്ങളുടെ സൈനികരാണെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും വെളിപ്പെടുത്തലും ഇസ്രായേലിന് പ്രതികൂല അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇസ്രായേല്‍-ഹമാസ് യുദ്ധം മേഖലയാകെ പടര്‍ത്താനാണ് ഇസ്രായേലിന്റെ ശ്രമം. ഇപ്പോള്‍തന്നെ ലബനന്‍ കേന്ദ്രമാക്കി ഹിസ്ബുള്ളയുടെയും സിറിയയില്‍ നിന്ന് ഹൂതികളുടെയും ആക്രമണം ഇസ്രായേല്‍ നേരിടുന്നുണ്ട്. ഇതിന്റെ പിന്നില്‍ ഇറാനാണെന്ന് വളരെ വ്യക്തം. ഇറാന്റെ ആക്രമണോത്സുകതയെയും ക്ഷണിക പ്രതികരണങ്ങളെയും മുതലെടുക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഭ്രാന്തമായ യുദ്ധാവേശം ത്രസിക്കുന്ന ഇറാന്‍ സൈനികര്‍ കുറേക്കാലമായി ഒരു യുദ്ധത്തെ സ്വാഗതം ചെയ്യുകയും തങ്ങളുടെ ഇപ്പോഴത്തെ സൈനികമേനി ലോകത്തെ ബോധ്യപ്പെടുത്താനും ശ്രമിക്കുകയാണ്.
റഷ്യയുടെ നിരന്തരമായ ഉക്രെയിന്‍ ആക്രമണവും ഇസ്രായേലിന്റെ ഗാസ ആക്രമണവും ലോകത്തെ മൂന്നാമതൊരു മഹായുദ്ധത്തിലേക്ക് നയിക്കുകയാണ്. ഇന്ത്യ എക്കാലത്തും ഇരയുടെ ഭാഗത്തുനിന്ന് ആക്രമണത്തെ എതിര്‍ക്കുന്ന പാരമ്പര്യമാണുള്ളത്. എന്നാല്‍ ആറുമാസം മുമ്പ് ഇസ്രായേല്‍ ഗാസയില്‍ പൈശാചിക ആക്രമണം നടത്തിയപ്പോള്‍ അക്രമികളുടെ വാദം അംഗീകരിച്ച ഇന്ത്യ, റഷ്യയുടെ ഉക്രെയിന്‍ ആക്രമണത്തെയും ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെയും തന്ത്രപരമായ മൗനത്തിലൂടെ പിന്തുണയ്ക്കുകയാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായി ഏറ്റവും അടുത്ത സ്ഥിതിചെയ്യുന്ന ഇറാനില്‍ സംഘര്‍ഷം പടര്‍ന്നാല്‍ അതിന്റെ തിക്തഫലങ്ങള്‍ ഇന്ത്യയെപ്പോലുള്ള അയല്‍രാജ്യങ്ങളിലും പ്രതിഫലിക്കും. അമേരിക്കയുടെയും ജര്‍മനിയുടെയും ബ്രിട്ടന്റെയും കൈകളിലെ പാവയായിരുന്ന ഇസ്രായേല്‍ ഇപ്പോള്‍ സഖ്യരാഷ്ട്രങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങാത്ത ധിക്കാരമാണ് പ്രകടിപ്പിക്കുന്നത്. ഇറാനുമായി നേരിട്ടുള്ള സംഘര്‍ഷത്തില്‍ നിന്ന് ഇസ്രായേലിനെ പ്രത്യക്ഷമായി സംരക്ഷിക്കാന്‍ ഈ രാജ്യങ്ങള്‍ മടിക്കും.
അതേസമയം ഹിസ്ബുള്ളയുടെയും ഹൂതികളുടെയും ആക്രമണത്തില്‍ നിന്ന് ഇസ്രായേലിന് പരസ്യമായ പരിരക്ഷ നല്‍കുകയും ചെയ്യും. യുദ്ധം ആരംഭിച്ചുകഴിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം മാരകമായിരിക്കും. അതാണ് ഇസ്രായേലിന്റെ സംയമനത്തിന് പിന്നിലുള്ള രഹസ്യം. ഇസ്രായേലില്‍ 'യുദ്ധമാനിയ' പടര്‍ന്നു പിടിക്കുകയാണ്. ആഭ്യന്തര രാഷ്ട്രീയ വിജയത്തിന് യുദ്ധം ജയിക്കുക എന്നത് ഇസ്രായേലിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വമാണ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഇത് ചവിട്ടുപടികളാക്കി അധികാരശൃംഗത്തിലെത്താനാണ് ഇസ്രായേലിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ പാക്കിസ്ഥാനിലും ഇത്തരമൊരു അവസ്ഥയാണുള്ളത്. അറബ്-പലസ്തീനികളെ ഒട്ടും ഭയക്കാത്ത ഇസ്രായേലിനെ ഇറാന്റെ ഇടപെടല്‍ ശരിക്കും വിരട്ടുന്നുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നാണംകെട്ടത് ഇസ്രായേലാണ്. ഇസ്രായേലില്‍ ഉയര്‍ന്നുവരുന്ന നെതന്യാഹുവിരുദ്ധ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഇതിന്റെ പ്രതിഫലനമാണ്.