ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാത്തത് വിവാദത്തില്‍
കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ കേസെടുക്കാത്തത് വിവാദത്തില്‍. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുന്‍ എം എല്‍ എ കെ കെ ലതികയുടെയും മകനായ ജൂലിയസ് നികിതാസാണ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ കാര്‍ ഓടിച്ചുകയറ്റിയത്.കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിന് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാറാട് അയ്യപ്പ ഭക്തസംഘം ഹിന്ദു സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ബേപ്പൂര്‍ ബി സി റോഡിലുള്ള എടത്തൊടി കൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്നു ശ്രീധരന്‍ പിള്ള.സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ വാഹനം കടന്നുപോയ ഉടന്‍ അതിനുപിറകിലായ ജൂലിയസിന്റെ വാഹനം കയറി. സുരക്ഷാ ജീവനക്കാര്‍ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ കയര്‍ത്തു സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കാര്‍ പിറകോട്ട് എടുക്കണമെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും യുവാവ് അതിന് തയ്യാറായില്ല. കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഈ കാര്‍ പിറകോട്ട് മാറ്റിയാണ് ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നുപോയത്.ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ മകനാണെന്നറിയുന്നത്. തുടര്‍ന്ന് കേസെടുക്കാതെ ആയിരം രൂപ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് വിവാദമായത്.ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സംഭവ ദിവസം തന്നെ പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ജൂലിയസിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.