'ആടുജീവിതം' മികച്ച ദൃശ്യാനുഭവം സമ്മാനിക്കും: ബെന്യാമിൻ തുറന്നു പറയുന്നു
മലയാളികളെ ഏറെ പിടിച്ചിരുത്തിയ നോവലാണ് ബെന്യാമിന്റെ 'ആടുജീവിതം'. 'ആടുജീവിതം' എന്ന ഒരൊറ്റ നോവലിലൂടെ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ പ്രശസ്തി വാനോളം ഉയർന്നു. 10 വർഷം മുൻപ് താൻ എഴുതിയ 'ആടുജീവിതം' നോവലിന് ദൃശ്യഭാഷ്യം ഒരുങ്ങുമ്പോൾ ബെന്യാമിനും ഏറെ ആവേശത്തിലാണ്. 'ആടുജീവിതം' വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് ബെന്യാമിൻ പറയുന്നു.
വളരെ മുമ്പ് തന്നെ 'ആടുജീവിതം' എന്ന നോവലിനുള്ള ആശയം തനിക്ക് ലഭിച്ചിരുന്നു എന്നും ബെന്യാമിൻ പറയുന്നു. ജോർദാനിലെ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. 'ആടുജീവിതം' സിനിമയാകുന്നതിന് പിന്നിലുള്ള കഥ ഈ വീഡിയോയിൽ ബെന്യാമിൻ പങ്കുവയ്‌ക്കുന്നു.
ഒരു പ്രവാസിയായിരുന്ന തനിക്ക് ഗൾഫ് പശ്ചാത്തലമായി ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഈ സമയത്ത് തന്നെയാണ് യഥാർത്ഥ ജീവിതത്തിലെ നജീബിനെ താൻ കണ്ടുമുട്ടുന്നതെന്നും നോവൽ രചനയുടെ നാളുകളും യഥാർഥ നജീബിനെ കണ്ടുമുട്ടിയതുമെല്ലാം വീഡിയോയിൽ ബെന്യാമിൻ വിവരിക്കുന്നുണ്ട്.