സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു: കെപിഎസ്ടിഎ
കൊച്ചി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണെന്നും യാതൊരു ആസൂത്രണവുമില്ലാതെ തയ്യാറാക്കിയ അക്കാദമിക കലണ്ടർ അതിൻ്റെ ഭാഗമാണെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി ആരോപിച്ചു. പരിഷ്ക്കരണങ്ങൾ നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാരംഭ നടപടിക്രമങ്ങൾ പോലും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിട്ടില്ല.
കോളേജ്, ഹയർ സെക്കണ്ടറി മേഖലകളിൽ ശനിയും ഞായറും അവധിയാക്കി മികവിനു ശ്രമിക്കുന്ന സർക്കാർ പ്രൈമറിതലം മുതൽ പ്രവൃത്തിദിനം വർധിപ്പിച്ചത് പൊതു സമൂഹത്തിൽ ശക്തമായ എതിർപ്പ് നേരിട്ടപ്പോൾ ഉരുണ്ടുകളിക്കേണ്ട ഗതികേടിലായി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പഠനം നടത്തുന്ന വിദ്യാലയങ്ങളിൽ ചില ക്ലാസ്സുകൾക്ക് പഠനം ഒരുക്കുകയും മറ്റുള്ളവർക്ക് അവധി വരുകയും ചെയ്യുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ ഇല്ലാതാക്കും. വാഹന സൗകര്യത്തിനായി പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയിൽ പെട്ടുഴലുന്ന വിദ്യാലയങ്ങൾക്ക് ഇടിത്തീയാകും.
വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ അടിസ്ഥാന വസ്തുതകൾ പോലും മനസ്സിലാക്കാതെ നിയമവിരുദ്ധമായും ഏകപക്ഷീയമായും അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും തരംതിരിച്ച് വേർതിരിവ് ഉണ്ടാക്കി അന്തഛിദ്രത ഉണ്ടാക്കി പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും ശക്തമായ സമരങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും സർക്കാരിൻ്റെ ബ്രിട്ടീഷ് തന്ത്രത്തെ നേരിടുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.