സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിച്ച് സംതൃപ്തമായ സിവിൽ സർവീസ് നടപ്പിലാക്കണം; ജോസ് വള്ളൂർ
തൃശ്ശൂർ: ഏഴര വർഷത്തെ ഇടതുപക്ഷ സർക്കാർ കേരള ജനതക്ക് ബാധ്യതയായി മാറിയത് പോലെ പിണറായിയുടെ ഭരണം കേരളത്തിലെ സർക്കാർ ജീവനക്കാർക്കിടയിലും അസംതൃപ്തിയുടെ നാളുകളാണ് സമ്മാനിക്കുന്നതെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അയ്യന്തോൾ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും വർഷങ്ങളായി ലഭിക്കേണ്ട ക്ഷാമബത്തയും, ശമ്പള പരിഷ്കരണ കുടിശികയും, ജീവനക്കാരിൽ നിന്നും മാസംതോറും സംഖ്യ കൈപ്പറ്റി അവർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത മെഡിസെപ്പ് പദ്ധതിയും, ജീവനക്കാർക്ക് ഗുണകരമല്ലാത്ത പങ്കാളിത്ത പെൻഷനും, രാഷ്ട്രീയ പ്രേരിത സസ്പെൻഷനുകളും, ഗോവിന്ദൻ മാഷ് മുൻപ് പറഞ്ഞതുപോലെ ഈ സർക്കാരിനെ നിലനിർത്തി കൊണ്ടുപോകുന്നതിന് വേണ്ടി ജീവനക്കാരും, അധ്യാപകരും ഉച്ചക്കഞ്ഞി പദ്ധതിക്കും, കേരളീയത്തിനും വേണ്ടി യാചകരെ പോലെ പ്രവർത്തിക്കേണ്ട
ഗതികേടിലാന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരിക്കുന്ന ഗവൺമെന്റിനെതിരെ സിവിൽ സർവീസിൽ അസംതൃപ്തി പടർന്നാൽ അത് ഭരണകൂട തകർച്ചയ്ക്ക് കാരണമാകുമെന്ന ബാലപാഠം പോലും അറിയാതെയാണ് പിണറായി സർക്കാർ സ്വന്തക്കാരുടെയും, അനുയായികളുടെയും ക്ഷേമത്തിനുവേണ്ടി മാത്രം നടത്തുന്ന ഈ ഭരണമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി
മുൻ എംഎൽഎ ടി.വി ചന്ദ്രമോഹൻ, എ. പ്രസാദ്, കെ.സി സുബ്രഹ്മണ്യൻ, വി എം ഷൈൻ, സുനിത വിനു, ബി.ഗോപകുമാർ, ഡോ: സി ബി അജിത് കുമാർ, പി. രാമചന്ദ്രൻ, കെ. വി. സനൽകുമാർ, എം ഡെയ്സൺ, രഞ്ജിത്ത് പി ഗോപാൽ, കെ.എസ്. ജയകുമാർ, ജിഗിൽ ജോസഫ്,എ.എൻ മനോജ് എന്നിവർ പ്രസംഗിച്ചു