വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്: വി ഡി സതീശൻ
കൊച്ചി: വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇരകളെ അപമാനിക്കുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന ആവശ്യവും വി ഡി സതീശൻ ആവർത്തിച്ചു. സാംസ്കാരിക മന്ത്രിയ്ക്ക് ഓരോ ദിവസവും ഓരോ നിലപാടാണെന്നും ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിനെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായാൽ ഭാരതീയ ന്യായ സംഹിതയിലെ 199–ാം വകുപ്പനുസരിച്ചു കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. കേസെടുക്കാതിരിക്കുന്നതും കുറ്റകൃത്യമാണ്. അതാണു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെയ്തിരിക്കുന്നത്. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാന്‍ സജി ചെറിയാൻ യോഗ്യനല്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും സതീശൻ പറഞ്ഞു.
വനിത ഐപിഎസ് ഉദ്യോഗസ്ഥർക്കു മുകളിൽ പുരുഷ ഐപിഎസ് ഉദ്യോഗസ്ഥനെ സമിതിയിൽ ഉൾപ്പെടുത്തിയതിനു എതിരെയായിരുന്നു വിമർശനമുയർന്നു. ഇരകൾ വീണ്ടും പരാതിയും മൊഴിയുമൊക്കെ കൊടുക്കണമെന്നു പറയുന്നത് വീണ്ടും അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും സതീശൻ പറഞ്ഞു. മുകേഷിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. അദ്ദേഹം രാജിവച്ചൊഴിയുമെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു.