കൊല്ലത്ത് ഗവർണർ എസ്എഫ്ഐ ഏറ്റുമുട്ടൽ,
അതീവ ഗുരുതര പ്രോട്ടോകോൾ ലംഘനം
കൊല്ലം: കൊല്ലത്ത് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും എസ്എഫ്ഐ പ്രവർത്തകരും പോരാട്ട വീര്യത്തോടെ മുഖാമുഖമെത്തി. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവരെ വിവരം ധരിപ്പിക്കുക എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അരമണിക്കൂറിലധികമായി ഗവർണർ എംസി റോഡിൽ കുത്തിയിരിക്കുകയാണ്. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോഴും നിങ്ങൾ എസ്എഫ്ഐക്കു സംരക്ഷണം ഒരുക്കുന്ന സാഹചര്യത്തിൽ താൻ ഇവിടം വിട്ടു പോകില്ലെന്നാണ് ഗവർണറുടെ നിലപാട്. സംസ്ഥാനം ഇന്നോളം കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ക്രമസമാധാന തകർച്ചയ്ക്കാണ് കൊല്ലം ജില്ലയിലെ നിലമേൽ ടൗണിൽ അരങ്ങേറിയത്. കൊട്ടാരക്കരയ്ക്കു സമീപം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്നു രാവിലെ പുറപ്പെട്ടതാണ് ഗവർണർ. തന്നെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ദഗവർണർ പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് കൈയാങ്കളി ഒഴിവാക്കിയത്. സ്ഥലത്തേക്കു കൂടുതൽ പൊലീസ് കുതിക്കുകയാണ്.