Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗൺമാന്റെ 'രക്ഷാപ്രവർത്തനം' ശ്രദ്ധയിൽപ്പെട്ടിട്ടില്ല;
നിയമസഭയിലും പച്ചക്കള്ളം ആവർത്തിച്ച് മുഖ്യമന്ത്രി

10:53 PM Jan 29, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് എന്ന പേരിൽ നടത്തിയ ആഢംബര ധൂർത്തിനെതിരെ  ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ മര്‍ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദിച്ചത് ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കോടതിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെ ഒന്നാം പ്രതിയാക്കിയും അംഗരക്ഷകന്‍ എസ്. സന്ദീപിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ ഉമാ തോമസ്, കെ. ബാബു, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യ സമരങ്ങള്‍ക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. വാഹനത്തിന് നേരെ അക്രമം സംഘടിപ്പിച്ചുവെന്നും മറുപടിയില്‍ പറയുന്നു.
വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചുകീറി എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു. സമരംചെയ്യുന്നവരെ പൊലീസ് അടിക്കുന്നതിന് നിയമപരമായി വ്യവസ്ഥയില്ലെന്നും മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. സി.ആര്‍ മഹേഷിന്റെ ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിസ്ഥാനമാക്കി, സമരം ചെയ്യുന്നവരുടെ തലയില്‍ പൊലീസിന് ലാത്തി കൊണ്ട് അടിക്കാമോ എന്നായിരുന്നു ചോദ്യം.
ഡിസംബര്‍ പതിനഞ്ചിന് നവകേരളസദസ്സ് ആലപ്പുഴയിലെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുപിന്നാലെ കാറിലെത്തിയ ഗണ്‍മാനും സുരക്ഷാസംഘവും ചേര്‍ന്ന് പ്രവര്‍ത്തകരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

Advertisement

Advertisement
Next Article