നിയമവ്യവസ്ഥ കൈയിലെടുത്ത മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രമസമാധനത്തിനു വെല്ലുവിളി: പ്രതിപക്ഷം
പാലക്കാട്: നിയമം നടപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിൽക്കുന്ന ഗൺമാൻമാർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ നീതിക്കും ന്യായത്തിനും വിലയില്ലെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. പെൻഷൻ കിട്ടാതെ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്തത് ദയനീയ കാഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യാൻ ഇതുവരെ തയാറായിട്ടില്ല. ഇവർക്കെതിരേ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും പൊലീസിന് മുന്നിൽ ഹാജരാകാൻ ഇവർ തയാറായില്ല. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നീതിന്യായം ഉറപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിന്ന് ഈ രണ്ട് ഗൺമാൻമാരും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അവർ ചെയ്ത ക്രൂരതയ്ക്കും നിയമവിരുദ്ധ നടപടികൾക്കും എതിരെ നിയമപരമായ നടപടികളുമായി ഞങ്ങൾ പിന്നാലെയുണ്ടാകും. ഒരു കാരണവശാലും അവരെ വെറുതെ വിടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അത്രയും ക്രൂരമായ ആക്രമണമാണ് നടത്തിയത്. നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ശ്രമിച്ചാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും സതീശൻ അറിയിച്ചു.