For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശബരിമലയിൽ സമ്പൂർണ പരാജയം, പൗരപ്രമുഖരോടൊപ്പം പിണറായി ഉണ്ണുന്ന തിരക്കിൽ.: കെ.സുധാകരൻ

01:37 PM Dec 12, 2023 IST | ലേഖകന്‍
ശബരിമലയിൽ സമ്പൂർണ പരാജയം  പൗരപ്രമുഖരോടൊപ്പം പിണറായി ഉണ്ണുന്ന തിരക്കിൽ   കെ സുധാകരൻ
Advertisement

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീർത്ഥാടകർ മലകയറി അയ്യപ്പ ദർശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവർണർ കാറിൽനിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയൻ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണ്.
ശബരിമലയിൽ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടർന്ന് പെൺകുട്ടി മരിക്കുകയും അയ്യപ്പഭക്തർ 18-20 മണിക്കൂർ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തർ അയ്യപ്പ ദർശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടർച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്.പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കും മറ്റുമായി ആവശ്യത്തിന് പോലീസുകാരില്ല. 41 ദിവസം വ്രതം എടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ സുരക്ഷയ്ക്കും മറ്റും വെറും 615 പോലീസുകാരെ മാത്രം വിന്യസിക്കുകയും ഭീക്ഷണിപ്പെടുത്തിയും കൂലിക്ക് ആളെ ഇറക്കിയും സംഘടിപ്പിക്കുന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള സദസിലെ പിണറായി ദർശനത്തിന് സുരക്ഷയൊരുക്കാൻ 2250 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനോ, സൗകര്യം ഏർപ്പെടുത്താനോ സർക്കാർ തയാറാകുന്നില്ല. അന്യസംസ്ഥാന അയപ്പഭക്തർ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണ്.

Advertisement

18-20 മണിക്കൂറുകളോളം ക്യൂവിൽ നിന്ന് അയപ്പഭക്തർ തളരുകയാണ്. മന്ത്രിതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്‌നങ്ങൾ പ്രകടമാണ്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നൽകണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തർ ക്യൂവിൽ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ വിട്ടുനൽകാത്ത മുഖ്യമന്ത്രി വോളന്റിയർമാരായി സന്നദ്ധ സംഘടനാ പ്രവർത്തകരെയെങ്കിലും നിയോഗിക്കണം.ശബരിമലയിലെ സന്നദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് പ്രവർത്തകരെ വിട്ടുതരാൻ ഒരുക്കമാണെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദ്ദനവും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുമ്പോൾ കരിങ്കൊടികാട്ടി ഗവർണ്ണറെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ദുർബലവകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഒരു വൈകാരിക പ്രകടത്തിന്റെ ഭാഗമായി നവകേരള ബസിനു നേരേ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ അവരെ ക്രൂരമായി മർദ്ദിച്ച സിപിഎം ക്രിമിനലുകൾക്കെതിരെ അദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമർശിച്ചത്. മന്ത്രിമാർക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയിൽ കോടതി താക്കീതും ചെയ്തു.ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎം ക്രിമിനലുകൾക്കെതിരെ കേസെടുക്കാൻ തയ്യാറായത്.

ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത് സിപിഎം ക്രിമിനലുകൾ നടത്തിയ തുടർച്ചയായ ആക്രമങ്ങളാണ്.ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ കായിക ബലവും അധികാരഹുങ്കും ഉപയോഗിച്ച് അടിച്ചമർത്തുകയും മുഖ്യമന്ത്രി സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കരുതൽ തടങ്കലിലടയ്ക്കുകയും ചെയ്തപ്പോഴാണ് ശക്തമായ പ്രത്യക്ഷ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പ്രതിഷേധക്കാരുടെ കൊടിയുടെ നിറം നോക്കി പോലീസ് സ്വീകരിക്കുന്ന നിലപാടും നടപടിയും നീതിനിഷേധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നു സുധാകരൻ പറഞ്ഞു.

തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന് ഗവർണ്ണർ ആരോപിക്കുമ്പോൾ വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകൾ ചുമത്തി മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണം. ഗവർണ്ണർക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികളായ എസ്എഫ്‌ഐ ക്രിമിനലുകൾ വന്നത് പോലീസ് വാഹനത്തിലാണെന്ന ഗവർണ്ണറുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവർണ്ണറുടെ സഞ്ചാരപാത എസ്എഫ്ഐക്കാർക്ക് ചോർത്തിക്കൊടുത്ത ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടാകണം. ഗവർണറുടെ സുരക്ഷയിൽ വീഴ്ച വരുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Author Image

ലേഖകന്‍

View all posts

Advertisement

.