Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇനിയും മരിക്കാത്ത വായനക്ക് ആശംസകള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

10:21 AM Apr 23, 2024 IST | Online Desk
Advertisement

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-ബുക്കുകളുടെയും ഇ-പേപ്പറുകളുടെയും വളര്‍ച്ചയും പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെയും പ്രചാരണത്തെയും സ്വാധീനിച്ചില്ല.
അറിവിന്റെയും ആനന്ദത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രജ്ഞയിലെ ഇരുട്ടകറ്റാനും പുസ്തകങ്ങള്‍ സഹായകമാകുന്നു.

Advertisement

സാങ്കേതികവിദ്യയുടെ വൈവിധ്യവും വൈപുല്യവും പുസ്തകങ്ങളെ എരിച്ചുകളഞ്ഞിട്ടില്ല. മനുഷ്യന്റെ ശാരീരിക സമ്പുഷ്ടിക്ക് വ്യായാമം എത്രമാത്രം ഉപകരിക്കപ്പെടുന്നുവോ അതുപോലെ മനസ്സിന്റെ ഉല്ലാസത്തിനും ചിന്തയുടെ ഉയര്‍ച്ചയ്ക്കും വായന അനിവാര്യമാണ്. ലോകത്തിന്റെ വിപുലത ഉള്‍ക്കൊള്ളാന്‍ നമ്മുടെ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്നത് വായനയാണ്. ദുഃഖങ്ങളെയും ദുരിതങ്ങളെയും മറയ്ക്കാന്‍ വായന ഏറെ സഹായിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചുള്ള സഞ്ചാരം കാല-ദേശാതീതമായ അനുഭവങ്ങളും അറിവുകളുമാണ് നമുക്ക് സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദ്യം ലോകത്തെ ഏറ്റവും വലിയ മൂല്യനിക്ഷേപമാണ്. നവമാധ്യമങ്ങളില്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഏറെ വര്‍ധിച്ചിട്ടും പുസ്തകങ്ങള്‍ രചിക്കപ്പെടാതെയും വില്‍ക്കപ്പെടാതെയും പകാത്തത് വിസ്മയകരമായ കാര്യമാണ്.

ലോകമെമ്പാടും വായനയെ തീറ്റാനും പോറ്റാനും ഉത്സാഹം കാണിക്കുന്ന മനുഷ്യര്‍തന്നെ വായനയിലേക്കുള്ള വാതിലുകള്‍ അടച്ചുകളയുന്നത് വേദനാജനകമാണ്. യുദ്ധങ്ങളും കലാപങ്ങളും കാരണം കോടിക്കണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും ചാരമായി തീരുന്നു. ഒരിക്കലും ഒടുങ്ങാത്ത അറിവുകള്‍ ലോകത്തിന് നല്‍കുന്ന അക്ഷയപാത്രമാണ് പുസ്തകങ്ങള്‍. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ പാടുപെടലുകള്‍ക്കും അറിവിന്റെ ഉറവ് തേടിയുള്ള യാത്രകള്‍ക്കും ഏറെ പഴക്കമുണ്ട്.

അക്ഷരങ്ങളും ഭാഷയും രൂപപ്പെട്ടത് മാനവചരിത്രത്തിലെ സുപ്രധാന ദശാസന്ധിയാണ്. നല്ല എഴുത്തും പുസ്തകങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്‌കാരങ്ങളെ ലോകംമുഴുവന്‍ വ്യവഹരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. ഇവ സംസ്‌കാരങ്ങളുടെയും സഹിഷ്ണുതയുടെയും വേദഗ്രന്ഥങ്ങളായി മാറുന്നു. വായനയെ മഹോത്സവമാക്കി മാറ്റുന്നതിനും മനുഷ്യരില്‍ സഹജമായുള്ള ചോദനയെ ത്വരിതപ്പെടുത്താനും വായനാദിനം പോലുള്ള ചടങ്ങുകള്‍ സഹായകമാകുന്നു. കണ്ടുപിടിക്കാത്ത ലോകത്തിലേക്കുള്ള കടന്നുചെല്ലലുകളാണ് വായനയിലൂടെ സാധ്യമാകുന്നത്. സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളും വായന പ്രദാനം ചെയ്യുന്നു. വായനയിലൂടെയും എഴുത്തിലൂടെയും നമുക്ക് സ്വായത്തമാകുന്ന നൂതന പരിജ്ഞാനങ്ങളും അറിവിന്റെ വന്‍കരകളും ഏറെയാണ്. വായന വരളാതെ വളരുവാനുള്ള ശേഷി കൈവരിക്കേണ്ടത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

ലോക പുസ്തകദിനം ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്നത് വായനയും പുസ്തകങ്ങളും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളും വായനയുടെ അടഞ്ഞ വാതിലല്ല പ്രത്യക്ഷമാക്കുന്നത്, തുറന്ന വാതിലാണ്. ഓരോ വര്‍ഷവും ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പുസ്തകങ്ങളുടെ പ്രസക്തിയും വായനയുടെ പ്രാധാന്യവും വിളംബരം ചെയ്യുന്നു. ശരാശരി 158,464,880 ടൈറ്റിലുകളാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് ഒരുലക്ഷമാണ്. വര്‍ഷംതോറുമുള്ള പുസ്തക പ്രസിദ്ധീകരണത്തിലെ ഉയര്‍ച്ച വായനയെ സംബന്ധിച്ച് ആശങ്കയല്ല, ആനന്ദമാണ് ലഭ്യമാക്കുന്നത്. എല്ലാ അക്ഷരസ്‌നേഹികള്‍ക്കും പുസ്തകദിനാചരണ ആശംസകള്‍.

Tags :
editorialfeatured
Advertisement
Next Article