17 ബന്ദികളെ ഹമാസ് മോചിപ്പിച്ചു
ടെൽ അവീവ്:തടവിലാക്കപ്പെട്ട 17 ബന്ദികളെ പലസ്തീൻ സംഘടനയായ ഹമാസ് ഇന്നു മോചിപ്പിച്ചു. 14 ഇസ്രായേലികളും മൂന്ന് വിദേശികളും ഉൾപ്പെടെയാണ് മോചിപ്പിക്കപ്പെട്ടത്. ഒരു അമേരിക്കൻ ബന്ദിയും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു വയസ്സുള്ള പെൺകുട്ടിയാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് മോചിപ്പിക്കുന്ന മൂന്നാമത്തെ ബാച്ച് ബന്ദികളാണിത്. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ ഇവർ ഗാസ മുനമ്പിൽ തടവിലായിരുന്നു. ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയ 240 പൗരന്മാരെ ബന്ദികളാക്കുകയായിരുന്നു. നാലു മുതൽ 84 വയസ്സുവരെയുള്ള ബന്ദികളെ മാനുഷിക സംഘടനയായ റെഡ് ക്രോസിലേക്ക് മാറ്റുകയും, പിന്നീട് അവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറുകയുമായിരുന്നു.
"ഇന്ന് ഇസ്രായേലിലേക്ക് മടങ്ങുന്ന 17 ബന്ദികളെ ഇസ്രായേൽ സർക്കാർ ആലിംഗനം ചെയ്യുന്നു, ഞങ്ങളുടെ
14 പൗരന്മാരെയും മൂന്ന് വിദേശ പൗരന്മാരെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്."-ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ കുറിച്ചു.