കൈകോർത്ത് സന്ദീപ് വാര്യർ; കരുത്തോടെ യുഡിഎഫ്
പാലക്കാട്: വർഗീയതയും മതേതരത്വവും തമ്മിലുള്ള പാലക്കാട്ടെ പോരാട്ടത്തിന് പുതിയ രൂപവും ഭാവവും സമ്മാനിച്ച് സന്ദീപ് വാര്യർ. ഈ കാലമത്രയും പിന്തുടർന്ന വർഗീയ രാഷ്ട്രീയത്തെ ഉപേക്ഷിച്ചാണ് സന്ദീപ് വാര്യർ കോൺഗ്രസിന്റെ മതേതര ഭൂമികയിലേക്ക് കടന്നുവന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. രാജ്യത്ത് മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുവാൻ കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് ആണെന്നും ആ തിരിച്ചറിവ് കൊണ്ട് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സന്ദീപിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന മതേതര കാഴ്ചപ്പാടുകളെ പ്രചരിപ്പിക്കുന്നതിൽ സന്ദീപ് വാര്യരെ മുന്നിൽ നിർത്തുമെന്നും മതേതര രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ജെബി മേത്തർ, എംഎൽഎമാരായ എൻ ഷംസുദ്ദീൻ, അൻവർ സാദത്ത്, നേതാക്കളായ സി ചന്ദ്രൻ, ജോതികുമാർ ചാമക്കാല, ബി എ അബ്ദുൽ മുത്തലിബ്, ജോസഫ് വാഴയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.