ഹത്രാസ് ദുരന്തം: പ്രതികരണവുമായി വിവാദ ആള്‍ദൈവം ഭോലെ ബാബ
ഹത്രാസ്: യു.പി.യിലെ ലഖ്നോക്കടുത്ത് ഹത്രാസ് ദുരന്തത്തില്‍ തിക്കിലും തിരക്കിലും ആള്‍ക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി വിവാദ ആള്‍ദൈവം ഭോലെ ബാബ.സംഭവത്തില്‍ താന്‍ അസ്വസ്ഥനാണെന്നും എന്നാല്‍ എല്ലാവരും ഒരു ദിവസം മരിക്കേണ്ടിവരുമെന്നും പി.ടി.ഐ വിഡിയോയില്‍ അദ്ദേഹം പറഞ്ഞു. തന്റെ പ്രാര്‍ഥന സംഗമത്തില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പി.ടി.ഐ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
എല്ലാവരും ഒരു ദിവസം മരിക്കണം, സമയം മാത്രം ഉറപ്പില്ല, അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ടിന് നടന്ന സംഭവത്തിന് ശേഷം താന്‍ വളരെ വിഷാദവാനും അസ്വസ്ഥനുമായിരുന്നു.
പക്ഷേ സംഭവിക്കാനുള്ളത് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. വിഷം കലര്‍ന്ന സ്പ്രേയെക്കുറിച്ച് എന്റെ അഭിഭാഷകനും ദൃക്സാക്ഷികളും പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. തീര്‍ച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്' അദ്ദേഹം പറഞ്ഞു. സനാതനത്തിന്റെയും സത്യത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസ്ഗഞ്ചിലെ ബഹദൂര്‍ നഗര്‍ ഗ്രാമത്തിലുള്ള തന്റെ ആശ്രമത്തില്‍ ഭോലെ ബാബ എത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എ.പി. സിംഗ് പറഞ്ഞു. ജൂലൈ രണ്ടിന് ഹാഥറസിലെ സിക്കന്ദരാരു മേഖലയില്‍ ഭോലെ ബാബയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചു. മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകര്‍ അടക്കം ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.