മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി
കൊച്ചി: സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേർക്കാണ് നോട്ടീസ് അയക്കുക.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നോട്ടീസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ കേസിലെ ഹർജിക്കാരൻ മരിക്കുകയും കുടുംബം കേസുമായി മുന്നോട്ട് ഫോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ അമിക്കസ്ക്യൂറിയെ നിയോഗിച്ച കോടതി വസ്തുതാന്വേഷണം നടത്തി. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.