For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: വിചിത്ര നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍

01:05 PM Jul 09, 2024 IST | Online Desk
പാലങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്  വിചിത്ര നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍
Advertisement

പാട്‌ന: ഒന്നിനുപിറകെ ഒന്നായി പാലങ്ങള്‍ തകര്‍ന്നുവീഴുന്ന ബിഹാറില്‍ പാലം പരിപാലനത്തിന് നടപടിയുമായി സര്‍ക്കാര്‍. പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി ബിഹാര്‍ പ്രത്യേക നയം കൊണ്ടുവരും. പാലം പരിപാലന നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ബിഹാര്‍.

Advertisement

കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം 12 പാലങ്ങളാണ് ബിഹാറില്‍ വിവിധയിടങ്ങളിലായി തകര്‍ന്നത്. പാലങ്ങളുടെ നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാലം പരിപാലന നയം കൊണ്ടുവരുന്നത്.

പാലങ്ങളുടെ നിരന്തരമായ നിരീക്ഷണം, ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണവും നടപ്പാക്കല്‍ എന്നിവയാണ് പുതിയ നയത്തിന്റെ ഭാഗമായി വരിക. എല്ലാ പാലങ്ങള്‍ക്കും പ്രത്യേക ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരും. പാലത്തിന്റെ നിര്‍മാണ വിവരങ്ങളും അറ്റകുറ്റപ്പണി വിശദാംശങ്ങളുമെല്ലാം ഇതില്‍ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗത്തിനാകും പാലം പരിപാലനത്തിന്റെ ഉത്തരവാദിത്തം. സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം തുടര്‍ച്ചയായി പാലങ്ങളും കലുങ്കുകളും സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തും.

അതിനിടെ, ബിഹാറിലെ അപകടാവസ്ഥയിലുള്ള പാലങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് ഹരജി സമര്‍പ്പിച്ചത്.

Author Image

Online Desk

View all posts

Advertisement

.