സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും തിങ്കളാഴ്ചയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതാനിർദേശമുണ്ട്.
തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ നഗരത്തിലെ പലയിടത്തും വെള്ളം കയറി. അട്ടക്കുളങ്ങര, മുക്കോലയ്ക്കല്‍, ഉള്ളൂര്‍ തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ശക്തമായ മഴയിൽ ശംഖുമുഖം, മുക്കോല, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനത്തിലും വെള്ളംകയറി. ശംഖുമുഖത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള യാത്രയിൽ കടുത്ത ജാഗ്രത പാലിക്കണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.