രാജിക്ക് ശേഷം പ്രതികരിച്ച് ഹേമന്ത് സോറന്‍
റാഞ്ചി: ജീവിതത്തിലെ ഓരോ നിമിഷവും പോരാടുകയാണെന്നും എന്നാല്‍ വിട്ടുവീഴ്ചക്കായി അപേക്ഷിക്കില്ലെന്നും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഭൂമി കുംഭകോണ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇതൊരു ഇടവേളയാണ്. ജീവിതം ഒരു മഹായുദ്ധമാണ്. ഞാന്‍ ഓരോ നിമിഷവും പോരാടിയിട്ടുണ്ട്. ഓരോ നിമിഷവും ഞാന്‍ പോരാടും. പക്ഷേ വിട്ടുവീഴ്ചക്ക് അപേക്ഷിക്കില്ല' ജയ് ഝാര്‍ഖണ്ഡ് എന്നവസാനിക്കുന്ന വരികളാണ് ഹേമന്ത് സോറന്‍ എക്‌സിലെ പോസ്റ്റില്‍ പങ്കുവെച്ചത്.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയും ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയാണെന്ന് ഇന്നലെ ഇ.ഡി വ്യക്തമാക്കിയതോടെയാണ് ഹേമന്ത് സോറന്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെത്തി രാജി സമര്‍പ്പിച്ചത്. ബുധനാഴ്ച കനത്ത സുരക്ഷയില്‍ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി സോറനെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പേ ഹേമന്ത് സോറന്‍ രാജിവെച്ചിരുന്നു.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.