ഹേമന്ത് സോറനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാത്തതെന്നും ബെഞ്ച് ചോദിച്ചു.
അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച സമന്‍സുകള്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ മുന്‍ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ സമന്‍സിനെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഭൂമി തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറന്‍ ജെഎംഎം നേതാവ് ചമ്പായി സോറനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
അതേസമയം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകനാണ് ചമ്പൈ സോറന്‍. ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ അലന്‍, രാഷ്ട്രീയ ജനതാദളിന്റെ സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 43 എംഎല്‍എമാര്‍ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് പറഞ്ഞിരുന്നു.