ലോകത്തിലെ ഏറ്റവും കൂടുതൽ സന്തുഷ്ടർ ഇവിടെ; തുടർച്ചയായ ഏഴാം തവണയും അപൂർവ നേട്ടം കൈവരിച്ച് ഈ രാജ്യം
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി ഏഴാം തവണയാണ് ഫിൻലൻഡ് ഈ അപൂർവ നേട്ടം കൈവരിക്കുന്നത്. യുഎന്നിൻ്റെ സ്‌പോൺസർഷിപ്പിൽ 143 രാജ്യങ്ങളിൽ നടത്തിയ വേൾഡ് ഹാപ്പിനസ് സർവേയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ടികയിൽ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനേക്കാൾ മുന്നിലാണ് ലെബനൻ. പാകിസ്ഥാൻ 108-ാം സ്ഥാനത്തും ഇന്ത്യ 126-ാം സ്ഥാനത്തുമാണ്.
12 വർഷത്തിന് ശേഷം ആദ്യമായാണ് യു.എസ് ആദ്യ 20 ൽ ഇടം പിടിക്കാത്തത്. യു.എസ് 23-ാം സ്ഥാനത്താണ്. ഡെൻമാർക്കാണ് പട്ടികയിൽ രണ്ടാമത്. ഐസ്‌ലാൻഡ്, സ്വീഡൻ, ഇസ്രായേൽ, നെതർലൻഡ്‌സ്, നോർവേ, ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ.ആളോഹരി വരുമാനം, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, പൗരാവകാശങ്ങൾ, തൊഴിൽ സുരക്ഷ, കുറഞ്ഞ അഴിമതി നിരക്ക്, വിവിധ സർവേ ഫലങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.