ടെക്കികൾക്കൊപ്പം ഹൈബി
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാക്കനാട് ഇൻഫോപാർക്കിലെ പ്രൊഫഷനുകളുമായി സംവദിച്ച് യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ. എംപി എന്ന നിലയിൽ ഐ ടി മേഖലയ്ക്കായി എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യും തുടങ്ങിയ ചോദ്യങ്ങൾ പ്രതീക്ഷിച്ച ഹൈബി നേരിട്ടത് പക്ഷെ നിർമിത ബുദ്ധിയും ഡിജിറ്റൽ പ്രൈവസിയും അടക്കമുള്ള ചോദ്യങ്ങൾ. പാർലമെന്റിലെ ഇടപെടലുകളും വിദേശ രാജ്യങ്ങളിലെ സാങ്കേതികവിദ്യാമുന്നേറ്റവുമൊക്കെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞ് ടെക്കികളെ ഹൈബിയും ഞെട്ടിച്ചു. ഇൻഫോപാർക്കിൽ ഫ്‌ളൈഓവർ വേണമെന്നായിരുന്നു ടെക്കികളുടെ പ്രധാന ആവശ്യം. മെട്രോനഗരം മൂവാറ്റുപുഴ വരെയെങ്കിലും വളരണമെന്നും പ്രൊഫഷണലുകൾ ആവശ്യപ്പെട്ടു. വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ചുള്ള ആശങ്കയും ക്രിയാത്മക നിർദേശങ്ങളും പ്രൊഫഷണലുകൾ പങ്ക് വച്ചു. മാലിന്യ നിർമാർജനത്തിന് പ്രൊഫഷണൽ രീതികൾ കൊണ്ടുവരണമെന്ന് ടെക്കികൾ നിർദേശിച്ചു. വിദേശ വിദ്യാഭ്യാസവും ചർച്ച വിഷയമായി.
കേരളത്തിലെ ഐ ടി മേഖലയും തൊഴിൽ സാധ്യതകളും കോവിഡിന് ശേഷമുള്ള ഐടി രംഗവുമൊക്കെ ചർച്ചയായ ചൂടേറിയ ചർച്ചയിൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ്, ഫ്യൂചർ ഓഫ് ഇന്റലിജിൻസ്, ഇലക്ട്രോണിക് ഉപകാരണങ്ങളുടെ ഉത്പാദനം തുടങ്ങിയവയൊക്കെ ചർച്ചയായി. ടെക്‌ചാറ്റ് വിത്ത് ഹൈബി ഈഡൻ എം.പി എന്ന പേരിലാണ് സംവാദം സംഘടിപ്പിച്ചത്.
ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യക്കും എല്ലാത്തരത്തിലും മുന്നിലെത്താൻ കഴിയണമെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ, സൈബർ രംഗത്തെ കുതിച്ചു കയറ്റം കേരളത്തിലെ ചെറുപ്പക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ടെക്‌നോളജി ഉത്‌പന്നങ്ങളുടെ കയറ്റുമതി സാധ്യമായാൽ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വലിയ സാധ്യതയുണ്ടാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രൊഫഷണലുകൾ ചൂണ്ടിക്കാട്ടി. സാധ്യമായതെല്ലാം ചെയ്യാമെന്ന ഹൈബി ഈഡൻ ഉറപ്പ് നൽകി. നിർമിത ബുദ്ധി സാങ്കേതിക വിദ്യ, ഡിജിറ്റൽ പ്രവൈസി തുടങ്ങി വിവിധ നൂതന വിഷയങ്ങളിൽ പ്രൊഫഷണലുകൾ ഹൈബിയുമായി സംവദിച്ചു. എഐയുടെ ഭാവി, സ്വകാര്യതാ ദുരുപയോഗം, അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഹൈബിയും ടെക്കികളുമായി ചൂടേറിയ ചർച്ചകൾ നടന്നു.