ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണനെതിരേ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: മതത്തിന്റെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനെതിരേ ഡിജിപിക്ക് പരാതി. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. ഗോപാലകൃഷ്ണന് സര്‍വീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരേ സ്വമേധയാ കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുവഴി ഐഎഎസ് ഉദ്യോഗസ്ഥര്ക്കിടെയുള്ള ഐക്യം തകര്‍ക്കുകയായിരുന്നു ഗോപാലകൃഷ്ണന്റെ ലക്ഷ്യമെന്നായിരുന്നു സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സസ്പെന്ഷന് ഉത്തരവിലെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാവില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. ഗോപാലകൃഷ്ണന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതില്‍ നടത്തിയ സൈബര്‍ പരിശോധനകളെല്ലാം അപൂര്‍ണമാണ്. ഗോപാലകൃഷ്ണന് തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കേസെടുക്കണമെങ്കില്‍ തെളിവ് വേണമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.