ചരിത്രം ആവർത്തിക്കുന്നു,
ബംഗാളിനു പുറമേ കേരളത്തിലും
പശ്ചിമ ബംഗാളിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ് ഭാട്ടാചാര്യയാണ്. 2000 നവംബർ ആറു മുതൽ 2011 മേയ് 20 വരെ മൂന്നു ടേമുകൾ അദ്ദേഹം ബംഗാൾ ഭരിച്ചു. ബുദ്ധദേവിന്റെ ഭരണകാലത്താണ് കുപ്രസിദ്ധമായ നന്ദി ഗ്രാം കലാപം പൊട്ടിപ്പുറപ്പെട്ടത്. നൂറിലധികം സാധാരണക്കാർ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ വെടിവയ്പിലും 14 പേർ കൊല്ലപ്പെട്ടു.
കലാപം പിന്നീടു കെട്ടടങ്ങി. പക്ഷേ, അന്നുമുതൽ വംഗനാട്ടിൽ സിപിഎമ്മിന്റെ അടിവേരിളകാനും തുടങ്ങി. ജ്യോതി ബസുവും ബുദ്ധദേവും കൂടി 33 വർഷവും 333 ദിവസവും തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച സിപിഎമ്മിന് ഇപ്പോഴത്തെ നിയമസഭയിൽ ഒരൊറ്റ എംഎൽഎ പോലുമില്ല.
നന്ദിപുരിനടുത്തുള്ള മിഡ്നാപുർ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് അന്ന് പാർട്ടി അടച്ചു പൂട്ടിയതാണ്. ഒരു വ്യാഴവട്ടം കഴിഞ്ഞ് ഈ ഓഫീസ് തുറക്കാനായെങ്കിലും അതിനു സമീപത്തുള്ള ഒരു ഡസണോളം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ അപ്പാടെ ബിജെപി ഓഫീസുകളായി മാറിയിരുന്നു. അവിടെയുണ്ടായിരുന്ന സിപിഎം പ്രവർത്തകരും നേതാക്കളും പായൽ പോലെ ബിജെപിയിലേക്ക് ഒഴുകി.
ഏറെക്കുറെ അതിനു സമാനമാണു കേരളത്തിലും കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ സിപിഎമ്മിൽ നിന്നു പുറത്തേക്ക് അണികളുടെ കുത്തൊഴുക്കാണ്. ജനാധിപത്യ വിശ്വാസമുള്ളവർ കോൺഗ്രസിലേക്കു വരുന്നു. അല്ലാത്തവർ ബിജെപിയിലേക്കും പോകുന്നു. പ്രവർത്തകർ മാത്രമല്ല, ബംഗാളിലെപ്പോലെ കേരളത്തിലും സിപിഎമ്മിന്റെ ഓഫീസുകൾ വില്പനയ്ക്കു വച്ചിരിക്കയാണ്. 2021ലാണ് കേരളത്തിലെ ഒരു സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഒറ്റ രാത്രികൊണ്ട് ബിജെപി ഓഫീസായി മാറിയത്. കോവളത്തായിരുന്നു ഈ മാറ്റം. വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരൻ, വയൽക്കര മധു തുടങ്ങിയ മുൻനിര നേതാക്കളുടെ ബ്രാഞ്ച് കമ്മറ്റിയാണ് ഓഫീസ് ഉൽപ്പെടെ ബിജെപിയിലേക്കു പോയത്.
അതൊരു തുടക്കമായിരുന്നു എന്നു വേണം കരുതാൻ. കേരളത്തിലുടനീളം ഇപ്പോൾ ഈ മാറ്റം പ്രകടമാണ്. ഓഫീസുകൾ നിറം മാറുന്നത് അത്ര പ്രകടമല്ലെങ്കിലും സഖാക്കൾ കൂട്ടത്തോടെ സംഘികളാകുന്നത് കേരളത്തിലെ ഒട്ടു മിക്ക സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികളിലും കാണാനാവും.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടിയുടെ ശ്രദ്ധേയമായ പ്രകടനം സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായാണ് അന്നു മാധ്യമങ്ങൾ വിലയിരുത്തിയത്. വംഗനാട്ടിലെ കാവി കുതിച്ചുചാട്ടത്തിനു പിന്നിൽ ചെങ്കൊടിയുടെ പിൻവാങ്ങലായിരുന്നു കാരണം. കോൺഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് സഖ്യത്തിനു വിസമ്മതിച്ച് ബിജെപിക്ക് വളരാൻ അന്നു സിപിഎം അവസരം നൽകി. ബംഗാളിൽ കോൺഗ്രസിനും ക്ഷീണം സംഭവിച്ചെന്നു സമ്മതിക്കാം. പക്ഷേ, 1951-52ലെ ഒന്നാം പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അക്ഷരാർഥത്തിൽ ഇപ്പോൾ പാപ്പരായി. പശ്ചിമ ബംഗാളിലും തൃപുരയിലും അവരുടെ പതനം പൂർത്തിയായപ്പോൾ അധികാരം നിലനിർത്തുന്ന കേരളത്തിലും അവർ സർവനാശത്തിന്റെ വക്കിലാണ്.
രണ്ടായി വിഭജിച്ചു പരസ്പരം പോരടിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളിൽ സിപിഐയുടെ അന്തകൻ വിത്തായി സിപിഎം മാറി. ഓരോ തെരഞ്ഞെടുപ്പിലും തോൽക്കുന്ന സീറ്റുകൾ മാത്രം നൽകുകയും ജയിക്കാൻ സാധ്യതയുള്ളിടത്തൊക്കെ കാലുവാരി സിപിഐയെ തോല്പിക്കുകയുമാണു സിപിഎം.
വർഗീയതയെ തുറന്നു പ്രോത്സാഹിപ്പിക്കുന്ന നയമാണ് പൊതുവിൽ സിപിഎമ്മിനുള്ളത്. മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ ആദ്യമായി നിയമസഭ കണ്ടതു പോലും ഹിന്ദുത്വ വോട്ട് നേടിയാണ്. 1970ൽ കൂത്തുപറമ്പിൽ ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി വിജയന് വോട്ട് അഭ്യർഥിച്ച് സംഘപരിവാർ സംഘടനകളുടെ ആചാര്യൻ സാക്ഷാൽ എൽ.കെ. അഡ്വാനി വരെ എത്തിയതു ചരിത്രം.
ഹിന്ദു മഹാസഭയുടെയും ഭാരതീയ ജനസംഘത്തിൻ്റെയും സംഘപരിവാറിൻ്റെയും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പാരമ്പര്യങ്ങൾക്കു കീഴ്പ്പെട്ടു പോയ ചരിത്രമാണ് പശ്ചിമബംഗാളിലും തൃപുരയിലും പാർട്ടിക്കുള്ളത്. അതുകൊണ്ടാണ് കൊടിയും ചിഹ്നവും ഉപേക്ഷിച്ച് അണികൾ പാർട്ടി ഓഫീസുകൾ വരെ ബിജെപിക്കു തീറെഴുതി നൽകിയത്. രാജ്യത്തെവിടെ ആയാലും ബിജെപിക്കു വെല്ലുവിളി കോൺഗ്രസ് മാത്രമാണ്. രാജ്യം കോൺഗ്രസ് മുക്തമായെങ്കിലേ ബിജെപിക്കും സംഘപരിവാർ സംഘങ്ങൾക്കും അവരുടെ തീവ്ര ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കഴിയൂ. ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കാനാവൂ. അതിനുവേണ്ടിയാണ് കേരളത്തിൽ സിപിഎമ്മുമായി ബിജെപി രഹസ്യമായി ബന്ധം തുടരുന്നത്. തൃശൂരിൽ വിജയിച്ചതും തിരുവനന്തപുരത്തും പാലക്കാട്ടും പരാജയപ്പെട്ടതുമായ രാഷ്ട്രീയ പരീക്ഷണം രണ്ടു കൂട്ടരും തുടരുക തന്നെ ചെയ്യും, ഈ ലക്ഷ്യം കാണുന്നതു വരെ.
പക്ഷേ, കേരളത്തിൽ മറ്റൊരു മാറ്റം കൂടി സിപിഎമ്മിൽ സംഭവിച്ചിരിക്കുന്നു. ദേശീയ തലത്തിൽ വർഗീയതയുമായി സന്ധിയുണ്ടാക്കിയപ്പോൾ കേരളത്തിൽ വർഗ സമരത്തെയാണ് സിപിഎം ബലികഴിക്കുന്നത്. ഇന്നത്തെ സിപിഎമ്മിൽ വർഗ ശത്രുക്കൾ പാർട്ടിക്കു പുറത്തുള്ളവരല്ല, അകത്തുള്ളവർ തന്നെയാണ്. കരുനാഗപ്പള്ളിയിലും തിരുവല്ലയിലും കോവളത്തും കായംകുളത്തും പാലക്കാട്ടും ഷൊർണൂരും കണ്ണൂരിലും കാസർഗോട്ടുമൊക്കെ അടി സിപിഎമ്മിനുള്ളിൽത്തന്നെയാണ്. ചരിത്രത്തിലാദ്യമായി ഒരു ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ പാർട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു, എന്റെ അയൽനാടായ കരുനാഗപ്പള്ളിയിൽ. ജില്ലയിലുടനീളം സിപിഎമ്മിനു വെള്ളവും വളവും നല്കി വളർത്തി വലുതാക്കാൻ ശ്രമിച്ച സാക്ഷാൽ എൻ. ശ്രീധരന്റെ നാട്ടിൽ രണ്ടു സംസ്ഥാന നേതാക്കളെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ പൂട്ടിയിട്ട് പരസ്പരം കൊലവിളി നടത്തി അടിച്ചു പിരിഞ്ഞത് കണ്ടപ്പോൾ ദുഃഖം തോന്നി. സിപിഎം ഇത്ര അധഃപതിക്കുമെന്നു വിചാരിച്ചിട്ടേ ഉണ്ടായിരുന്നില്ല.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ സ്ഥാനത്തേക്ക് അവരോധിച്ച സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹറു, ജനാധിപത്യ ഭരണമാറ്റ പ്രക്രിയയിൽ കോൺഗ്രസിനു ബദലായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വരണമെന്ന് ആഗ്രഹിച്ചയാളായിരുന്നു. സോവ്യറ്റ്, ചൈനീസ് സോഷ്യലിസ്റ്റ് ശൈലിയുമായി അകലം പാലിച്ചിരുന്നെങ്കിലും ഇന്ത്യയുടെ കാലാവസ്ഥയ്ക്കിണങ്ങിയ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്പമായിരുന്നു നെഹ്റുവിന്റേത്. അതു തിരിച്ചറിഞ്ഞ് കോൺഗ്രസുമായി ആരോഗ്യകരമായ മത്സരത്തിന് കമ്യൂണിസ്റ്റുകാർ തയാറായിരുന്നെങ്കിൽ 1951-52ൽ ദേശീയ ജനാധിപത്യം എഴുതിത്തള്ളിയ സംഘപരിവാർ രാഷ്ട്രീയ അജൻഡ ഇന്നത്തെ നിലയിൽ വളർന്നു വലുതാകില്ലായിരുന്നു.
ധന സമ്പാദനം മാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അജൻഡ. ഇനിയൊരിക്കൽ കൂടി കേരളത്തിൽ അധികാരം കിട്ടുമെന്ന് അവർക്കു തീരെ പ്രതീക്ഷയില്ല. അതുകൊണ്ട് കിട്ടാവുന്നിടത്തു നിന്നെല്ലാം കൈയിട്ടു വാരുകയാണ്. അതിനു കഴിയാത്തവരാണ് പാർട്ടിയിൽ മുറുമുറുപ്പുണ്ടാക്കുന്നത്. അവരെയാണ് കൂട്ടത്തോടെ പുറത്താക്കുകയോ സ്വയം പുറത്താവുകയോ ചെയ്യുന്നത്. പാർട്ടിക്കുള്ളിലെ സമ്പന്ന വിഭാഗങ്ങളും പാർട്ടി ആശയങ്ങൾ സംരക്ഷിക്കാൻ താത്പര്യപ്പെടുന്ന സാധാരണക്കാരും തമ്മിലുള്ള വർഗസമരമാണിപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. സ്വർണക്കടത്തു മുതൽ കമ്മിഷൻ കച്ചവടം വരെയുള്ള വിഹിതത്തെച്ചൊല്ലിയാണു സിപിഎമ്മിലെ തർക്കം. കച്ചടവടത്തിന്റെ വിഹിതം കിട്ടിയവരും ചോദിക്കുന്നവരും തമ്മിലുള്ള അടിയാണ് ഓരോ ലോക്കൽ കമ്മിറ്റിയിലും പൊട്ടുന്നത്. താൽക്കാലികമായി സമ്പന്നർ ജയിക്കുമെങ്കിലും ബംഗാളിൽ നിന്നു പാർട്ടി വിട്ടു കേരളത്തിലെത്തി വാർക്കപ്പണി എടുക്കുന്ന ലോക്കൽ, ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ ഗതിയാണു കേരളത്തിലെ സിപിഎം സഖാക്കളെ കാത്തിരിക്കുന്നത്. ബംഗാളിലെ നേതാക്കൾക്കു തൊഴിൽ തേടി വരാൻ കേരളമെങ്കിലുമുണ്ടായിരുന്നു. കേരളത്തിലെ നേതാക്കൾക്ക് അതിനുപോലും ഒരിടമില്ലെന്നതാണ് ഏറെ സങ്കടം.
കോൺഗ്രസിന്റെ രാഷ്ട്രീയ നന്മയും രാജ്യന്തര പ്രസക്തിയും തിരിച്ചറിഞ്ഞ എസ്.എ ഡാങ്കെയെ തള്ളിപ്പറഞ്ഞുണ്ടായ സിപിഐ എം ഇന്ത്യയിൽ സംഘപരിവാര ശക്തികളെ അധികാരത്തിലെത്തിക്കാൻ വഹിച്ച പങ്ക് ചെറുതല്ല. 1953 ൽ മധുരയിൽ ചേർന്ന മൂന്നാം പാർട്ടി കോൺഗ്രസിൽ അവിഭക്ത സിപിഐക്കുള്ളിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അടുത്ത പാർട്ടി കോൺഗ്രസായപ്പോഴേക്കും ഔദ്യോഗിക പ്രമേയത്തിനെതിരെ ബദൽ പ്രമേയം അവതരിപ്പിക്കപ്പെട്ടു. ആ പ്രമേയത്തിന് പ്രതിനിധികളുടെ മൂന്നിലൊന്ന് വോട്ടും കിട്ടി. കോൺഗ്രസിനോടും അതിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിനോടും സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ചായിരുന്നു തർക്കം.
കോൺഗ്രസിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളണമെന്നു ഒരു വിഭാഗം വാദിച്ചു. ഇഎംഎസ്, എ.കെ ഗോപാലൻ, സുന്ദരയ്യ തുടങ്ങിയവരാണ് അതിനു നേതൃത്വം നൽകിയത്. അവരാണ് പിന്നീട് 1964ൽ സിപിഐഎം ഉണ്ടാക്കിയത്. അവരുടെ പ്രസ്ഥാനമാണ് ഇന്നും കോൺഗ്രസിനെ പരസ്യമായി വിമർശിക്കുന്നതും രഹസ്യമായി സംഘപരിവാരങ്ങളെ താലോലിക്കുന്നതും.
കോൺഗ്രസുമായി അനുരഞ്ജനത്തിനു വേണ്ടി മറ്റൊരു വിഭാഗവും രംഗത്തു വന്നു. എസ്.എ ഡാങ്കെ ആയിരുന്നു അവരുടെ നേതാവ്. മരണം വരെ ആ നിലപാട് അദ്ദേഹം തുടർന്നു. ഈ നിലപാട് തുടരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്നത്തെ സിപിഐയിലുമുണ്ട്. അവരെ സിപിഎം ഭയപ്പെടുത്തി അടിച്ചമർത്തുകയാണ്. കേരളത്തിൽ സി.കെ ചന്ദ്രപ്പനു ശേഷം സിപിഐയുടെ നേതൃത്വത്തിലെത്തിയവരെല്ലാം ഈ ഭയപ്പാടിന്റെ നുകം ചുമക്കുന്നവരാണ്. അവർക്ക് സിപിഎമ്മിനെ എതിർക്കാനുള്ള ത്രാണിയില്ല. പുറത്തു വന്ന് കോൺഗ്രസിനൊപ്പം ചേർന്നു പാർട്ടിയുടെ പഴയ പ്രതാപം വീണ്ടെക്കണമെന്ന ആഗ്രഹവുമില്ല. ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പം കരുത്തോടെ നിന്ന് വയനാട്ടിലടക്കം സംഘപരിവാർ അജൻഡയെ തുറന്നെതിർക്കുമായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പ്. ഇപ്പോഴത്തെ തുരുമ്പെടുത്ത നിലപാടുകളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ പിന്തുടരുന്നതെങ്കിൽ റെയിൽവേ സ്റ്റേഷനു പുറത്ത് രാജ്യത്തൊരിടത്തും ചെങ്കൊടിയുടെ ഒരു നൂലിഴ പോലും ബാക്കിയുണ്ടാകില്ലെന്ന കാര്യം തീർച്ച.
ഇന്നലെകളിൽ പശ്ചിമ ബംഗാളിലും തൃപുരയിലും സംഭവിച്ച രാഷ്ട്രീയ അട്ടിമറിക്കാണ് കേരളത്തിൽ സിപിഎം കളമൊരുക്കുന്നത്. കേരളത്തിൽ ഇനിയൊരു ഭരണം തങ്ങൾക്കുണ്ടാവില്ലെന്ന് സിപിഎമ്മിനറിയാം. എങ്കിൽ ആ അവസരം ബിജെപിക്കിരിക്കട്ടെ എന്ന ബംഗാൾ ഫോർമുലയാണ് സിപിഎം ഇവിടെയും വർക്കൗട്ട് ചെയ്യാൻ ശ്രമിക്കുന്നത്. പക്ഷേ, ബംഗാളല്ല, പ്രബുദ്ധമായ കേരളമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ മലയാളികൾ കാണിച്ചു കൊടുത്തു. 2026ൽ അതവർക്കു കൂടുതൽ ബോധ്യമാകും.