For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാക്കകാലിന്റെ തണല്‍ പോലുമില്ലാത്ത കൊടുംവേനല്‍

വീക്ഷണം എഡിറ്റോറിയൽ വായിക്കാം
11:25 AM Mar 27, 2024 IST | Online Desk
കാക്കകാലിന്റെ തണല്‍ പോലുമില്ലാത്ത കൊടുംവേനല്‍
Advertisement

കേരളം രാജസ്ഥാനായി മാറുകയാണോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സംസ്ഥാനമാണിന്ന് കേരളം. 37 മുതല്‍ 40 സെല്‍ഷ്യസ് ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയും താപനില കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ശനിയാഴ്ച്ച വരെ ചുട്ടുപൊള്ളുന്ന അവസ്ഥ തടരും. ഇതിന് ശേഷമെന്തായിരിക്കുമെന്ന് അവര്‍ക്കും അറിയില്ല. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവുമാണ് കേരളത്തെ തീക്കടലിലേക്ക് എടുത്തിട്ടത്. അസാധാരണമായ കൊടുംചൂടിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ കൃത്യമല്ലാത്ത ചില വസ്തുതകളെയും നാം അംഗീകരിക്കേണ്ടി വരും. പൊതുവെ വില്ലന്‍മാരായി നാം കാണുന്നത് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണെങ്കിലും പ്രാദേശികമായ ചില പ്രതിഭാസങ്ങളും ചൂട് വര്‍ധനയ്ക്ക് കാരണമാകുന്നു.

Advertisement

ഹരിതഗ്രഹവാതകങ്ങളുടെ വ്യാപനവും വനനശീകരണവും ആഗോളതലത്തില്‍ താപനില വര്‍ധിപ്പിക്കുന്നു. ഇതൊരു ആഗോള പ്രതിഭാസമാണെങ്കിലും കടലിലും കരയിലും പ്രത്യക്ഷപ്പെടുന്ന വിസ്മയ കാഴ്ചകള്‍ പ്രാദേശിക പ്രതിഭാസങ്ങളാണ്. കിണറുകളിലും ജലാശയങ്ങളിലും കടലിലും നദികളിലും പ്രാദേശികമായ പല മാറ്റങ്ങളും നാം കാണുന്നു. വെള്ളത്തിലെ ഓക്‌സിജന്റെ തോത് കുറയുന്നത് കാരണവും വെള്ളം ചൂടുപിടിക്കുന്നത് മൂലവും മത്സ്യങ്ങളും ജലജീവികളും ചത്തു പൊന്തുന്നു. തീരക്കടലില്‍ സാധാരണ കണ്ടു വരാറുള്ള മത്സ്യങ്ങള്‍ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ആഴക്കടലകളിലേക്ക് കൂട്ടമായി കുതിക്കുന്നു.വന്‍ മത്സ്യങ്ങളുടെ സങ്കേതമായ ആഴക്കടലിലെത്തുന്ന ചെറു മത്സ്യങ്ങള്‍ വന്‍തോതില്‍ വലിയ മത്സ്യങ്ങളുടെ ഇരയായി തീരുന്നു. ഇത്മൂലം കൊടുംചൂടില്‍ മത്സ്യസമ്പത്ത് കുറയുന്ന സംസ്ഥാനത്ത് കടുത്ത വേനല്‍ തുടരുന്ന അവസ്ഥയില്‍ ജമക്ഷാമം മാത്രമലല്ല; പല വേനല്‍ക്കാല ജന്യരോഗങ്ങളും ഉണ്ടാകുന്നു.

നിര്‍ജ്ജലീകരണ രോഗങ്ങള്‍, മലിനജലം കുടിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവ ശരാശരി ആരോഗ്യമുള്ളവര്‍ പോലും അവശരാകുന്ന ഈ കൊടുംചൂടില്‍ കുട്ടികളുടെയും വയോധികരുടെയും അവസ്ഥയാണ് ഏറെ കഷ്ടം. സൂരാഘാതം പോലുള്ള സംഭവങ്ങളില്‍ നിന്ന് ആരോഗ്യ ഹീനരെ ശ്രദ്ധയോട് കൂടി മാറ്റി നിര്‍ത്തണം. താപരംഗം അപകടകരമായ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. സോഡിയം പൊട്ടാസിയം തുടങ്ങിയവയുടെ അളവ് നിര്‍ജ്ജലീകരണം മൂലം നഷ്ടപ്പെടുന്നു. ഇത് ശരീരത്തിന്റെ ബാലന്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാവുന്നു. കൂടുംചൂടില്‍ ദാഹമുള്ളപ്പോള്‍ മാത്രം വെള്ളം കുടിച്ചാല്‍ പോര.ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന തരത്തില്‍ വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം തലച്ചോറിനെ ബാധിക്കുന്നത് കാരണം പക്ഷാഘാതത്തിനും മറ്റു ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ജനുവരിയില്‍ തണുപ്പും ഫെബ്രുവരിയില്‍ വേനല്‍ മഴയോട് കൂടിയ കാലാവസ്ഥയായിരുന്നു കേരളത്തില്‍ നേരത്തെ ഉണ്ടായിരുന്നത്. ആഗോള തലത്തില്‍ 2023 ആയിരുന്നു ഏറ്റവും ചൂടു കൂടിയ വര്‍ഷം. എന്നാല്‍ അതിനെയും പിന്നിലാക്കിക്കൊണ്ട് വര്‍ത്തമാനകാല ചൂട് കുതിക്കുകയാണ്. എല്‍നിനോ പ്രതിഭാസം മൂലം 2024-ല്‍ ചൂട് കുത്തനെ ഉയരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എല്‍നിനോ നമ്മെ ബോധിക്കുന്നത് മണ്‍സൂണിന്റെ തോത് കുറയുന്ന തരത്തിലാണ്. അത് ഇപ്പോഴത്തെ കൂടുംചൂടിന് കാരണമാകാന്‍ സാധ്യതകള്‍ ഏറെ കുറവാണ്.

ഇപ്പോഴത്തെ കൊടുചൂടിന്റെ കാരണം കണ്ടുപിടിക്കാനാകാതെ ലോകമെങ്ങുമുള്ള കാലാവസ്ഥാ വിദഗ്ധര്‍ അമിത താപനവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ പൊതുസംജ്ഞകളില്‍ തൂങ്ങി കരണം മറിയുകയാണ്. അടുത്ത കാലവര്‍ഷത്തില്‍ എല്‍നിനോയുടെ സ്വാധീനം വന്‍തോതിലുണ്ടാകുമെന്നും ഇല്ലായെന്നുമുള്ള വാദം ശക്തമാണ്. ഏതായാലും ഭൂമിയും അന്തരീക്ഷവും ചുട്ടുപൊള്ളുകയാണ്. ഒരു കുടം ജലത്തിന് വേണ്ടി മനുഷ്യരും ഒരു തുള്ള കുടിനീരിനായി പക്ഷികളും മൃഗങ്ങളും കേഴുന്ന അവസ്ഥയാണെങ്ങും. ഒരു കാക്കകാലിന്റെ തണല്‍ പോലുമില്ലാത്ത അവസ്ഥയില്‍ നാം നമ്മെ പഴിക്കുകയേ നിവൃത്തിയുള്ളൂ.

Tags :
Author Image

Online Desk

View all posts

Advertisement

.