കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി: തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന്; ഖാർഗെ
ന്യൂഡൽഹി: അഞ്ചുവർഷം മുൻപ് ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ആരോപിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കോൺഗ്രസ് അക്കൗണ്ടുകളിലെ പണം മരവിപ്പിച്ച ആദായ നികുതി വകുപ്പ് നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇത്തരം നടപടികൾ സ്വീകരിച്ചാൽ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. കോണ്‍ഗ്രസിന് നാല് അക്കൗണ്ടുകള്‍ വേറെയുണ്ട്. അതും മരവിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തവുമാകുമെന്നും ഖാർഗെ ചോദിച്ചു.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. അറിയിപ്പ് പോലും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൻകംടാക്സ് ഡിപ്പാർട്മെന്റിന്റെ ഈ വിചിത്രമായ നടപടി.