തീവില; എങ്ങനെ ജീവിക്കും? സപ്ലൈകോയിലും വിലകൂട്ടി
തിരുവനന്തപുരം: അധികാരത്തിലേറാൻ വേണ്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ചവിറ്റുകൊട്ടയിലേക്കിട്ട്, പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാരുടെ ചുമലിൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പുതിയ തീരുമാനവുമായി പിണറായി സർക്കാർ. സാധാരണക്കാരുടെ ആശ്രയമായിരുന്ന സപ്ലൈകോയിലും വിലവർധന നടപ്പാക്കിയാണ് സർക്കാരിന്റെ പുതിയ വെല്ലുവിളി. സപ്ലൈകോയിൽ പൊതുവിപണിയേക്കാൾ 70 ശതമാനം സബ്സിഡി വിലയിൽ നൽകിയിരുന്ന 13 ആവശ്യസാധനങ്ങളുടെയും വിലയാണ് കുത്തനെ വർധിപ്പിച്ചത്. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ്, വിലവര്‍ധനവ് കൂടി നടപ്പാക്കിയിരിക്കുന്നത്. ഇടതുമുന്നണി യോഗം അംഗീകാരം നൽകിയ തീരുമാനത്തിന് പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്.
ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവയുടെ വിലയിൽ വൻവർധനവുണ്ട്. പലതിനും മൂന്ന് രൂപ മുതല്‍ 46 വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് തുവര പരിപ്പിനാണ്. 46 രൂപയാണ് ഉയർത്തിയ വില. മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്. മൂന്നു രൂപ പച്ചരിക്കും കൂട്ടി. മല്ലിക്ക് 50 പൈസ കുറച്ചു. ഇന്നലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉത്തരവായി ഇറങ്ങിയത്.
പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വര്‍ധിപ്പിക്കുന്നതോടെ അത് വലിയ വര്‍ധനവായി അനുഭവപ്പെടും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. സർക്കാർ പണം നൽകാത്തതിനാൽ നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് വിലവര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. ഇതുവരെ വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.
സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിൽപനശാലകളിൽ ഇല്ല. 11 വർഷമായി 1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. കോവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടും. 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ള നിലവിലെ കുടിശിക.
വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ പലതും സ്റ്റോക്കില്ല. സബ്സിഡി സാധനങ്ങൾ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെങ്കിൽ മാത്രമാണു ജനം വിൽപനകേന്ദ്രങ്ങളിൽ എത്തുക. ഇതോടൊപ്പം നോൺ സബ്സിഡി സാധനങ്ങളും ഫ്രീ സെയിൽ സബ്സിഡി സാധനങ്ങളും ഇവർ വാങ്ങുന്നതാണ് സപ്ലൈകോയുടെ വരുമാനത്തിന്റെ അടിസ്ഥാനം. മാസങ്ങളായി ഇതു നടക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
വിലവിവര പട്ടിക
- ഉഴുന്ന് 29 രൂപ കൂടും
- പുതിയ വില 95 രൂപ
- വന്‍കടല 27 രൂപ കൂടും
- പുതിയ വില 70 രൂപ
- വന്‍പയര്‍ 31 രൂപ കൂടും
- പുതിയ വില 76 രൂപ
- തുവര 46 രൂപ കൂടും
- പുതിയ വില 111 രൂപ
- മുളക് 44.50 രൂപ കൂടും
- പുതിയ വില 82 രൂപ
- മല്ലി 50 പൈസ കുറഞ്ഞു
- പുതിയ വില 39 രൂപ
- പഞ്ചസാര 6 രൂപ കൂടും
- പുതിയ വില 28 രൂപ
- വെളിച്ചെണ്ണ (അരക്കിലോ ) 9 രൂപ കൂടും
- പുതിയ വില 55 രൂപ
- ജയ അരി 4 രൂപ കൂടും
- പുതിയ വില 29 രൂപ
- കുറുവ അരി 5 രൂപ കൂടും
- പുതിയ വില 30 രൂപ
- മട്ട അരി 5 രൂപ കൂടും
- പുതിയ വില 30 രൂപ
- പച്ചരി 3 രൂപ കൂടും
- പുതിയ വില 26 രൂപ