ജലവൈദ്യുത പദ്ധതികള്‍: വായ്പ എടുക്കാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികളടക്കം ജലവൈദ്യുത മേഖലയിലെ പുതിയ ചുവടുവെപ്പുകള്‍ക്ക് ധനപ്രതിസന്ധി തടസ്സമാകാതിരിക്കാന്‍ ശ്രമം. വായ്പയെടുത്തല്ലാതെ ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാകാത്ത സാഹചര്യത്തില്‍ ലോക ബാങ്ക് ഉള്‍പ്പെടെ വിവിധ ഏജന്‍സികളെ കെ.എസ്.ഇ.ബി സമീപിച്ചിട്ടുണ്ട്.
ആഭ്യന്തര വൈദ്യുതി ഉല്‍പാദനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് നിര്‍മാണഘട്ടത്തിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധ്യമായ ഇടങ്ങളില്‍ പുതിയതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും നീക്കം തുടങ്ങിയത്.
വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം വെള്ളം ഉയരത്തിലെ റിസര്‍വോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളില്‍ വീണ്ടും ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍ ഒമ്പതിടങ്ങളില്‍ നടപ്പാക്കാനാണ് പദ്ധതി.
കക്കയം (900 മെഗാവാട്ട്), ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസല്‍ (600 മെഗാവാട്ട്), അമൃത പമ്പ (300 മെഗാവാട്ട്), അപ്പര്‍ ചാലിയാര്‍ (360 മെഗാവാട്ട്), മറയൂര്‍ (160 മെഗാവാട്ട്), മുതിരപ്പുഴ, പൊരിങ്ങല്‍ (100 മെഗാവാട്ട് വീതം), മഞ്ഞപ്പാറ (30 മെഗാവാട്ട്) എന്നിവയാണിവ. ഇതില്‍ മുതിരപ്പുഴ, മഞ്ഞപ്പാറ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമായ നിലയിലല്ല കെ.എസ്.ഇ.ബിയുടേയും സര്‍ക്കാറിന്റേയും സാമ്പത്തിക സ്ഥിതി.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടത്തിയ പഠനങ്ങളിലും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും പമ്പ്ഡ് സ്‌റ്റോറേജുകള്‍ക്കും അനുകൂലമായ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് ബാധകമാവുന്ന കരട് നയം ഊര്‍ജ വകുപ്പ് പരിശോധിച്ചുവരുകയുമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളിലേക്ക് ശ്രദ്ധ നല്‍കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.