'ഐ ലവ് യു വയനാട്': എന്റെ ഹൃദയം നിറയെ വയനാടെന്ന് രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: 'ഐ ലവ് യു വയനാട്' എന്നെഴുതിയ വെള്ള ടീഷര്‍ട്ട് ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയെത്തിയത്. തന്റെ ഹൃദയം നിറയെ വയനാടാണെന്ന് പറഞ്ഞ രാഹുല്‍ താന്‍ വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കുമെന്നും പറഞ്ഞു. വയനാടിനോടും തന്റെ സഹോദരിയോടുമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു വൈകാരികമായാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. വയനാടിന് തന്റെ കുഞ്ഞനുജത്തിയെ നല്‍കുകയാണെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് രാഹുല്‍ഗാന്ധി ചുംബനവും നല്‍കി. വയനാട്ടില്‍ വന്നതിന് ശേഷമാണ് ഞാന്‍ ആദ്യമായി രാഷ്ട്രീയത്തില്‍ സ്‌നേഹം എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. വയനാട്ടിലെ ജനങ്ങള്‍ കളങ്കമില്ലാത്ത സ്‌നേഹം നല്‍കാന്‍ തുടങ്ങിയപ്പോള്‍ എന്റെ രാഷ്ട്രീയ വീക്ഷണം തന്നെ മാറുകയായിരുന്നു . ദേഷ്യത്തെയും വിദ്വേഷത്തേയും വെറുപ്പിനെയും മറികടക്കാന്‍ ഒരേയൊരു മാര്‍ഗം സ്‌നേഹവും ഇഷ്ടവുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് വയനാട് നല്‍കിയ പരിഗണനയില്‍ നിന്നാണ്.
രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഞാന്‍ സ്‌നേഹമെന്ന വാക്ക് മുന്‍പ് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ വയനാട്ടിലെ ജനങ്ങളാണ് രാഷ്ട്രീയത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടെന്ന് എന്നെ പഠിപ്പിച്ചത്. അതുകൊണ്ടാണ് ഞാന്‍ ഈ ടീഷര്‍ട്ട് ധരിച്ചത്. വയനാട്ടുകാര്‍ എന്റെ ഹൃദയത്തില്‍ വലിയ ഇടമാണ് നേടിയിട്ടുള്ളത്. അത് രാഷ്ട്രീയത്തിനപ്പുറമാണ്. ഞാന്‍ വയനാടിന്റെ അനൗദ്യോഗിക ജനപ്രതിനിധിയാണ്. ലോകത്ത് ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയനാടിനെ മാറ്റണമെന്ന വെല്ലുവിളി ഞാന്‍ പ്രിയങ്കയ്ക്ക് നല്‍കുകയാണ്. കേരളം എന്ന് കേള്‍ക്കുമ്പോള്‍ വയനാട് ആയിരിക്കണം ആദ്യം ആളുകള്‍ക്ക് ഓര്‍മ വരേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.