പിണറായി വിജയനെ നുണ പരിശോധന നടത്തിയാല്‍ കേരളത്തിലെ അഴിമതികള്‍ പുറത്തു വരും: വി ഡി സതീശന്‍
പാലക്കാട്: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമെന്നും വി ഡി സതീശന്‍ പറഞ്ഞു. എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മുഴുവന്‍ അഴിമതികളും പുറത്തുവരും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ആഞ്ഞടിച്ചു.
കള്ളപ്പണ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും ഒന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറയുന്നത് മറ്റൊന്നുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഐഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായി. സിപിഐഎമ്മിന്റെ
പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മന്ത്രി എം ബി രാജേഷിന് എതിരായ ആരോപണം വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മന്ത്രിയാണ് പൊലീസിന് വിവരം നല്‍കിയതെന്ന് സതീശന്‍ പറഞ്ഞു.
കള്ളപ്പണക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടിയുടെ പരാമര്‍ശത്തിനും സതീശന്‍ മറുപടി നല്‍കി. നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. പിണറായി വിജയനെ സംരക്ഷിക്കാനാണ് പാതിരാ നാടകമെന്നും സതീശന്‍ ആരോപിച്ചു.
ഫെനി ഏത് കേസിലാണ് പ്രതിയെന്നായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. ഫെനി പ്രതിയായ കേസില്‍ പൊലീസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഫെനിയുടെ കാര്യം ചൂണ്ടിക്കാട്ടിയവര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി ടി വി രാജേഷിന്റെ കാര്യം പറയുന്നില്ല. ടി വി രാജേഷും ആ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.