അനുകരണം ആവർത്തനം;
മിമിക്രിയിൽ പെൺശബ്ദം ഭേദം
കൊല്ലം: പുത്തനാശയങ്ങളോ വ്യത്യസ്ത അനുകരണങ്ങളോ കാഴ്ചവെയ്ക്കാതെ മിമിക്രി വേദിയെ ആവർത്തന വിരസമാക്കി കലാകൗമാരം. ശബ്ദാനുകരണകല തട്ടിൽക്കയറിയ കാലം മുതലേ കേൾക്കുന്ന അനുകരണങ്ങളല്ലാതെ സദസിനെ ഇളക്കിമറിക്കുന്ന പുതുമകളൊന്നും സംസ്ഥാന സ്കൂൾ കലോൽസവത്തിലെ ഹയർ സെക്കന്ററി വിഭാഗം മിമിക്രി വേദിയിൽ ഉണ്ടായില്ല. സുപ്രഭാതം പൊട്ടിവിടരുന്നതും കൂകിപ്പായുന്ന തീവണ്ടിയും മ്യൂസിക് ബാന്റും ഡിജെ പാർട്ടിയും സദസ് പലയാവർത്തി കേട്ടുമടുത്തു. വന്നവരും പോയവരുമെല്ലാം അനുകരിച്ചത് ഒരേ മാതൃക. വേദിയിൽ കയറിയവരെയെല്ലാം ഒരൊറ്റയാളാണോ പഠിപ്പിച്ചു വിട്ടതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മൽസര നിലവാരം. ഇതിനിടയിലും, അതിശയിപ്പിക്കുന്ന, കാണികളുടെ കയ്യടി നേടിയ ചില പെൺശബ്ദങ്ങൾ കേട്ടു. അനുകരണം ആവർത്തനമായിരുന്നെങ്കിലും ആൺകുട്ടികളേക്കാൾ മിമിക്രിയിൽ മികവ് കാട്ടിയത് പെൺകുട്ടികളായിരുന്നുവെന്നത് ശ്രദ്ധേയം. ഇന്നലെ രാവിലെ പൊടുന്നനെ ആൺകുട്ടികളുടെ മിമിക്രി വേദി മാറ്റിയ സംഘാടകരുമായി രക്ഷിതാക്കളും സ്കൂൾ അധികൃതരും തർക്കിക്കുന്ന കാഴ്ചയോടെയാണ് കലോൽസവ നഗരി ഉണർന്നത്. ഷെഡ്യൂൾ പ്രകാരമുള്ള വേദിയിലെത്തി രജിസ്ട്രേഷന് തയാറെടുക്കുമ്പോഴാണ് പലരും വേദി മാറിയെന്ന് അറിഞ്ഞത്. പിന്നെയവർ സമയത്തിന് എത്തിച്ചേരുമോയെന്ന് ആശങ്കപ്പെട്ട് സെന്റ് ജോസഫ് സ്കൂളിലെ 18-ാം വേദിയിലേക്ക് കാറുകളിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പാഞ്ഞു.
14 ആൺകുട്ടികളാണ് ശബ്ദാനുകരണത്തിനായി വേദിയിലെത്തിയത്. അവരിൽ ഭൂരിഭാഗവും കാളവണ്ടിയും കുതിരക്കുളമ്പടിയും വെടിക്കെട്ടും കിളികളുടെ കളകളാരവവും ഒരേ മെത്തേഡിൽ അനുകരിച്ചു കൊണ്ടേയിരുന്നു. ചെലോൽത് ശെര്യായി, ചെലോൽത് ശെര്യായില്ല. എന്നിട്ടും ആദ്യത്തെ നാലഞ്ച് മൽസരാർത്ഥികളെ കാണികൾ കേട്ടിരുന്നു. പിന്നങ്ങോട്ട് വന്നവരും പോയവരുമെല്ലാം ഇതുതന്നെ തുടർന്നതോടെ സദസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങി. മൽസരത്തിന്റെ തിരശീല വീഴുമ്പോഴേയ്ക്കും കാണികൾ വിരലിലെണ്ണാൻ പാകത്തിൽ കുറഞ്ഞു. ഇതിനിടയിലും വേദിയിൽ ചിലരുടെ പ്രതിഭ മിന്നി. അമ്പലപ്പുഴ ജിഎച്ച്എസ്എസിലെ എം മഹേശ്വർ, കണ്ണൂർ മമ്പറം സ്കൂളിലെ പികെവി നന്ദു, കോട്ടയം ആർപ്പൂക്കര സ്കൂളിലെ ബി അദിൻദേവ്, കോഴിക്കോട് ചാത്തൻകോട്ടുനട സ്കൂളിലെ കെപി അഭിറാം തുടങ്ങിയവർ കൂട്ടത്തിൽ വേറിട്ടു നിന്നു. സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കുന്നത് പോയിന്റ് കുറയ്ക്കുമെന്ന് കരുതിയിട്ടാവണം, ഇക്കുറി ഇമിറ്റേഷൻ അധികമുണ്ടായില്ല. എങ്കിലും ചിലരൊക്കെ വിരസമായ വിഷയത്തിനുള്ളിലേക്ക് നടൻമാരെ കയറ്റിവിട്ടു. ഒന്നോ രണ്ടോ എണ്ണത്തിന് കയ്യടി കിട്ടിയെന്ന് മാത്രം. മലപ്പുറം കക്കോവ് സ്കൂളിലെ ഒഎസ് അഭിജിത്ത്, തിരുവനന്തപുരം വെമ്പായം കൊഞ്ചിറ നെടുവേലി സ്കൂളിലെ എസ്എസ് അഭിനന്ദ്, പാലക്കാട് ഒലവക്കോട് സ്കൂളിലെ കെവി അർജുൻ, വയനാട് ബെത്തേരി എസ്എംസിയിലെ എഡ്വിൻ സോജ്, എറണാകുളം ഉദയംപേരൂർ എസ്എൻഡിപി സ്കൂളിലെ ജോഹാൻ അബ്രാൻ വി ജോണി തുടങ്ങി ഒമ്പതു പേർക്ക് എ ഗ്രേഡ് നൽകി വിധികർത്താക്കൾ ഉദാരമതികളായി.
മൽസരം തുടങ്ങാൻ രണ്ടര മണിക്കൂർ വൈകിയിട്ടും വിമല ഹൃദയ സ്കൂളിലെ പെൺകുട്ടികളുടെ മിമിക്രി കേൾക്കാൻ സദസ് ക്ഷമയോടെ കാത്തിരുന്നു. ഉച്ചയ്ക്ക് 12ന് ആരംഭിക്കേണ്ടിയിരുന്ന മൽസരം തുടങ്ങിയത് 2.30-ന്. തൊട്ടുമുമ്പ്, ഇതേവേദിയിൽ മൂകാഭിനയ മൽസരത്തിനിടെ ഉണ്ടായ സാങ്കേതിക പിഴവും മൽസരാർത്ഥികളുടെ തർക്കവും ടാബുലേഷൻ നീണ്ടതിനാൽ വിധി പ്രഖ്യാപനം വൈകിയതും സദസിനെ അലോസരപ്പെടുത്തി. എങ്കിലും, കാണികളുടെ കൊഴിഞ്ഞുപോക്കുണ്ടായില്ല. വെടിക്കെട്ടും പ്രഭാതവും തീവണ്ടിയുമെല്ലാം ആവർത്തിച്ചെങ്കിലും ചില വ്യത്യസ്ത പ്രകടനങ്ങളും വേദിയിൽ കണ്ടു. കൊല്ലം കരുകോൺ ഗവ.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസുകാരി ദിയാ രാജേഷ് വേദിയിൽ അമ്പരപ്പിക്കുന്ന ശബ്ദാനുകരണം പുറത്തെടുത്തു. ചന്ദ്രയാൻ ദൗത്യ വിക്ഷേപണത്തറയിലെ അനൗൺസ്മെന്റിൽ ആരംഭിച്ച മിമിക്രി ദിയ അവസാനിപ്പിക്കുമ്പോൾ സദസ് ഹർഷാരവം മുഴക്കി. ശാസ്ത്രരംഗത്ത് ഇന്ത്യയുടെ അഭിമാനമായ മുൻ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമിന്റെ പ്രസംഗം അതേശബ്ദത്തിൽ അനുകരിച്ച ദിയ, ചിന്താ ജെറോമിന്റെയും കെആർ ഗൗരിയമ്മയുടെയും നടൻ കലിംഗ ശശിയുടെയും മാനറിസങ്ങളിലൂടെ വേദിയെ കൈയിലെടുത്തു. എസ് ജാനകിയും വൈക്കം വിജയലക്ഷ്മിയും പാട്ടുകളിലൂടെ ദിയയുടെ പ്രകടനത്തിൽ നിറഞ്ഞു നിന്നു. വയനാട് കൽപ്പറ്റ ജിഎംആർഎസിലെ എംഎസ് അനശ്വര വല്ലാത്തൊരു എനർജിയോടെയാണ് കാണികളെ ആകർഷിച്ചത്. ഡിജെ മ്യൂസിക്കിന്റെ വിവിധ ശബ്ദ പ്രകമ്പനങ്ങൾ അനശ്വരയുടെ തൊണ്ടക്കുഴിയിലൂടെ പുറത്തുവന്നു. ആലപ്പുഴ കരുവാറ്റ എൻ.എസ്.എസ് സ്കൂളിലെ ആദിത്യ വി നാഥ്, കണ്ണൂർ മൊകേരി സ്കൂളിൽ നിന്നെത്തിയ പി ജഗതപ്രിയ, പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ പി.സി സൂര്യ, കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസിലെ യുക്ത നമ്പ്യാർ എന്നിവരും പ്രതിഭ തെളിയിച്ചു. ആകെ 14 പെൺകുട്ടിളാണ് മൽസരത്തിനിറങ്ങിയത്. ചാനലുകളിൽ ശബ്ദാനുകരണം മികവോടെ അരങ്ങുവാഴുന്ന കാലത്ത് കലോൽസവ വേദികളിൽ പുത്തനാശയങ്ങളുടെ ദാരിദ്യം പ്രകടമായിരുന്നുവെന്നതാണ് മൽസരത്തിന്റെ പൊതുവായ വിലയിരുത്തൽ.