ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തിരിച്ചടി
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഇന്നലെ 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വര്‍ഷം തടവുശിക്ഷ പാക് കോടതി വിധിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കി എന്ന കേസിലായിരുന്നു ശിക്ഷ. ഫെബ്രുവരി എട്ടിന് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്. ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നില തെരഞ്ഞെടുപ്പില്‍ പരുങ്ങലിലാണ്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ ഇപ്പോള്‍ ജയിലിലാണ്.