സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ
സംസ്ഥാനത്തെ ഡയറ്റുകളിലെ ജീവനക്കാർക്ക് ശമ്പളമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ ഡയറ്റുകളിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്
സംസ്ഥാനത്തെ ഡയറ്റുകളിൽ ശമ്പള വിതരണം മുടങ്ങാൻ കാരണമെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ഡയറ്റുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഉള്ള ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കുമായി കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് നൽകി വന്നിരുന്നത്. നിലവിൽ ശമ്പളം നൽകി വന്നിരുന്ന ശീർഷകം മരവിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണം സർക്കാരും ബന്ധപ്പെട്ട വകുപ്പും വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ യഥാക്രമം ചെലവഴിക്കുന്നതിലെ കെടുകാര്യസ്ഥതയാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ കാരണം.
തിരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ മാസത്തെ ശമ്പളം മാറിയതിനുശേഷം ആണ് ശീർഷകം മരവിപ്പിച്ചിരിക്കുന്നത്. ഇത് ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്. ധനകാര്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഇതിൽ വ്യക്തത വരുത്തേണ്ടതാണ്. പാർടൈം ജീവനക്കാർ മുതൽ ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ വരെയുള്ള ജീവനക്കാർക്ക് ശമ്പളം മാറുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യസ്ഥതയാണ്.
ജീവനക്കാർക്ക് ന്യായമായും ലഭിക്കേണ്ട ഡി.എയും സറണ്ടറുമില്ലാതെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.ശമ്പളം പോലും ലഭിക്കാതെ വരുന്നത് നാളിതുവരെയുള്ള ഭരണചരിത്രത്തിൽ ഒരു സർക്കാരിനും സംഭവിക്കാത്തതാണ്. വരുംദിനങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.