പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ചതായി പ്രഖ്യാപനം
ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം പാകിസ്താനില്‍ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി ഫലം പ്രഖ്യാപിക്കാത്തത് ആശങ്ക സൃഷ്ടിച്ചു. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍), പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നീ മൂന്ന് പ്രധാന പാര്‍ട്ടികളാണ് മുഖ്യ കക്ഷികള്‍. അതിനിടെ, വെള്ളിയാഴ്ച പുലര്‍ച്ചെ വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷല്‍ സെക്രട്ടറി സഫര്‍ ഇഖ്ബാല്‍ പുറത്തുവിട്ടു. മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പി.ടി.ഐ (പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്) പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാന്‍, കൈബര്‍ പഖ്തൂണ്‍ഖ്വ (കെ.പി.കെ) പ്രവിശ്യ അസംബ്ലിയിലെ സീറ്റില്‍ 18,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. പി.ടി.ഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസല്‍ ഹക്കീം ഖാന്‍ 25,330 വോട്ടുകള്‍ നേടി വിജയിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാത്ത് പികെ-4 മണ്ഡലത്തില്‍ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലി ഷാ വിജയിച്ചു. 30,022 വോട്ടുകളാണ് അദ്ദേഹം നേടിയത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് കാര്യമായ ചലനം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്ല.
ഫലം വൈകിയതിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉയര്‍ത്തിയിരുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഫലങ്ങള്‍ സമാഹരിക്കുന്നതിനാലാണ് വൈകാനിടയായതെന്ന് സഫര്‍ ഇഖ്ബാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇലക്ഷന്‍ കമീഷന്‍ ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നുവെന്ന പി.ടി.ഐയുടെ വാദവും അദ്ദേഹം തള്ളി.അതിനിടെ, തന്റെ പാര്‍ട്ടി 150 ദേശീയ അസംബ്ലി സീറ്റുകളില്‍ വിജയിച്ചതായും പഞ്ചാബിലും കെ.പി.കെയിലും സര്‍ക്കാറുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും പി.ടി.ഐ ചെയര്‍മാന്‍ ബാരിസ്റ്റര്‍ ഗോഹര്‍ ഖാന്‍ അവകാശപ്പെട്ടു.