ഉത്തരാഖണ്ഡില്‍ മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു; 100 പേര്‍ക്ക് പരിക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബാന്‍ഭൂല്‍പുരയിലാണ് സംഘര്‍ഷമുണ്ടായത്. ജില്ല മജിസ്‌ട്രേറ്റിന്റെ അറിയിപ്പ് പ്രകാരം മൂന്ന് പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹല്‍ദ്വാനിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതെന്നാരോപിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മദ്‌റസ കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്നാണ് ഹല്‍ദ്വാനിയില്‍ സംഘര്‍ഷമുണ്ടായത്. ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടക്കുന്നുണ്ട്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചിരുന്നതായും മദ്‌റസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപ്പല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ് പറഞ്ഞു. ഫെബ്രുവരി ഒന്നിന് മുമ്പ് ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിരുന്നു.പൊളിക്കരുതെന്ന് മത, രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പ്രദേശവാസികള്‍ നമസ്‌കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം വ്യാഴാഴ്ച ബുള്‍ഡോസറുമായെത്തി തകര്‍ക്കുകയായിരുന്നു.